മലയാളത്തിലെ ഒരു ബെഞ്ച് മാര്‍ക്ക് സിനിമയാണ് ദൃശ്യം. ആദ്യഭാഗം തിയറ്ററുകളില്‍ വലിയ വിജയമായപ്പോള്‍ രണ്ടാം ഭാഗം ഒടിടി സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തി മലയാളത്തിനു പുറത്തും ചര്‍ച്ചയായി. ഇപ്പോള്‍ ഇതാ മൂന്നാം ഭാഗവും ആരംഭിക്കാന്‍ പോകുകയാണ്.
ഇത് അവസാനത്തേത്
ദൃശ്യം സീരിസിലെ അവസാന ഭാഗമാണ് ആരംഭിക്കാന്‍ പോകുന്നത്. സെപ്റ്റംബര്‍ 16 നു തൊടുപുഴയില്‍ വെച്ചാണ് ചിത്രീകരണം തുടങ്ങുന്നത്. ‘ദൃശ്യം 3: ദി കണ്‍ക്ലൂഷന്‍’ എന്നാണ് മൂന്നാം ഭാഗത്തിന്റെ ടാഗ് ലൈന്‍. ദൃശ്യം രണ്ടാം ഭാഗത്തിലെ ലുക്കിലാകും മോഹന്‍ലാലിനെ മൂന്നാം ഭാഗത്തിലും കാണുക.
വൈകാരികതയ്ക്കു പ്രാധാന്യം
ആദ്യ രണ്ട് ഭാഗങ്ങളിലും ത്രില്ലര്‍ എലമെന്റുകള്‍ക്ക് ആയിരുന്നു പ്രാധാന്യമെങ്കില്‍ മൂന്നാം ഭാഗത്തില്‍ തിരക്കഥ ഊന്നല്‍ നല്‍കിയിരിക്കുന്നത് ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ വൈകാരികതയ്ക്കാണ്. ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തിരക്കഥയെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫ് വെളിപ്പെടുത്തി.
ജീത്തുവിന്റെ വാക്കുകള്‍, ‘ദൃശ്യം 3 ക്ക് ലോജിക്ക് ഉണ്ടാക്കാനായി മാത്രം തിരക്കഥയില്‍ പത്ത് പേജുകള്‍ എഴുതേണ്ടിവന്നു. ഒരുപാട് ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കരുത്. ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ നടക്കുന്ന ഒരു സ്വാഭാവിക കഥയാണ് ഇത്,’
മൂന്ന് ഭാഷകളില്‍
മൂന്ന് ഭാഷകളിലായാണ് ദൃശ്യം 3 ഒരുക്കുക. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച് തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം. ഹിന്ദി, തെലുങ്ക് പതിപ്പുകളുടെ തിരക്കഥ ജീത്തു ജോസഫിന്റെ കഥയെ തന്നെ ആസ്പദമാക്കിയുള്ളതാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
നാലാം ഭാഗമുണ്ടോ?
നിലവില്‍ മൂന്നാം ഭാഗത്തില്‍ അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ നാലാം ഭാഗത്തിനുള്ള സാധ്യതകളുണ്ടോ എന്ന ചോദ്യത്തിനു അറിയില്ല എന്നാണ് ജീത്തു പറയുന്നത്. നിലവില്‍ നാലാം ഭാഗത്തിനുള്ള സാധ്യതകള്‍ കിട്ടിയിട്ടില്ലെന്നും ജീത്തു പറയുന്നു.
റിലീസ് അടുത്ത വര്‍ഷം
സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിച്ച് ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം അവസാനിപ്പിക്കാനാണ് പദ്ധതി. അടുത്ത വര്‍ഷം വേനലവധി ലക്ഷ്യമിട്ടാകും ചിത്രം തിയറ്ററുകളിലെത്തുക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 3 നിര്‍മിക്കുന്നത്.