ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വ്യാപകമായതിനെ തുടർന്ന് പ്രതികരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി.ടിക് ടോക് അടക്കം ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകൾ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2020ല്‍ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക് നിരോധിച്ചത്. ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ദേശീയ സുരക്ഷയും ഉപയോക്തൃ ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് 2020-ൽ മറ്റ് ചൈനീസ് ആപ്പുകൾക്കൊപ്പം ഈ ആപ്പും നിരോധിച്ചത്.
ടിക് ടോക് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളാണ് അന്ന് സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 69എ പ്രകാരമായിരുന്നു നിരോധനം. ആ സമയത്ത്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആപ്പുകൾ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുകയും, പ്രോട്ടോക്കോൾ അനുസരിച്ച് ഐടി മന്ത്രാലയം ഔദ്യോഗികമായി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ ശുപാർശ പ്രകാരം ഒപ്പിടുകയും ചെയ്തിരുന്നു. 59 ആപ്പുകളിൽ “ഡാറ്റ ചോർച്ച” റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്ന് എച്ച്ടി അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
‘ടിക് ടോകിന്റെ നിരോധനം റദ്ദാക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്’ എന്നാണ് കേന്ദ്രം പറയുന്നത്. ചിലര്‍ക്ക് ടിക് ടോക് ലഭിച്ചുതുടങ്ങിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടർന്നാണ് സർക്കാർ പ്രതികരണം അറിയിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക്ക് ആപ്പ് തുടർന്നും ലഭ്യമല്ലാതിരുന്നിട്ടും, ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഇന്ത്യയിലെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞുവെന്ന് നിരവധി ഉപയോക്താക്കൾ നേരത്തെ അവകാശപ്പെട്ടിരുന്നു.
ടിക് ടോക് ആക്‌സസ് ചെയ്യാന്‍ സാധിച്ചവര്‍ക്ക് ലോഗിന്‍ ചെയ്യാനോ വീഡിയോകള്‍ കാണാനോ, അപ്ലോഡ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ ടിക് ടോക് ബ്ലോക്ക് ചെയ്തിട്ട് തന്നെയാണുള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും ടെലികോം വകുപ്പ് വ്യക്തമാക്കി. 2020 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ടിക് ടോക്കിന് ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.