കൊച്ചി: ഒടുവിൽ കാത്തിരുന്ന വാർത്തയെത്തുന്നു, ആരോഗ്യം വീണ്ടെടുത്ത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തിരിച്ചെത്തുന്നു. രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മമ്മൂട്ടി. ചികിത്സ തുടരുന്നു എന്നല്ലാതെ മറ്റൊരറിയിപ്പും ഇത് സംബന്ധിച്ച് ആരിൽ നിന്നും ഉണ്ടായിരുന്നില്ല. നിർമ്മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ ആന്റോ ജോസഫും മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ്മാൻ ജോർജ് എസുമാണ് ഇന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്ലൂടെ മമ്മൂട്ടിയുടെ തിരിച്ചുവരവ് അറിയിച്ചത് .
” ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു.. ദൈവമേ നന്ദി.. നന്ദി.. നന്ദി.. “
ആന്റോ ജോസഫിന്റെ പോസ്റ്റ് നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. പലരും അതിവൈകാരികമായാണ് അതിനോട് പ്രതികരിച്ചത്. പോസ്റ്റിനു താഴെ പ്രാർത്ഥനയും സന്തോഷവുമായി ആരാധകർ വന്ന് നിറഞ്ഞു. മോളിവുഡിന്റെ ബിഗ് ബിയുടെ തിരിച്ചുവരവ് നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി.
മമ്മൂട്ടിയുടെ നിഴൽ എന്ന വിശേഷിപ്പിക്കാവുന്ന കാലങ്ങളായി മമ്മൂട്ടിയുടെ വ്യക്തിഗത മേക്കപ്പ്മാനായ ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും അതി വൈകാരികമായിരുന്നു.
” സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും,
കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി! “
മമ്മൂട്ടിയുടെ കളങ്കാവൽ ആണ് ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്നു എന്ന് പറയുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി ഇതിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അടുത്ത മാസത്തോടെ സിനിമയിൽ സജീവമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മോഹൻലാലിനോപ്പമുള്ള മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം കൂടി അണിയറയിൽ പുരോഗമിക്കുകയാണ്. മമ്മൂട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ കോമ്പിനേഷൻ രംഗങ്ങൾ അടക്കം പിന്നീട് ചിത്രീകരിക്കാൻ മാറ്റിയിരുന്നു. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാതാവ്.
ചികിത്സാർത്ഥം മമ്മൂട്ടി മാറി നിന്നതോടെ സാമൂഹ്യ രംഗങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ സാംസ്കാരിക മുഖമായി മാറിയ മെഗാ താരം ചലച്ചിത്രേതര പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. എന്തായാലും മടങ്ങിവരവ് അറിയിച്ചതോടെ അത് രാജകീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. അടുത്തമാസമാണ് മമ്മൂട്ടിയുടെ ജന്മദിനം. ഇത് വിപുലമാക്കാനാണ് ആരാധകർ ഒരുങ്ങുന്നത്.