ന്യൂഡൽഹി: ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ എന്നിവയുടെ കീഴിൽ അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി) തസ്തികയിലേക്ക് 1,180 ഒഴിവുകൾ. 50 ശതമാനം മാർക്കോടെ പ്ലസ് ടു, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു, 4 വർഷ ബാച്‌ലർ ഓഫ് എലമെന്ററി എജ്യുക്കേഷൻ അല്ലെങ്കിൽ ബിരുദം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ എന്നിവയാണ് അടിസ്ഥാന യോഗ്യത. അതോടൊപ്പം സി–ടെറ്റ് യോഗ്യതയും നിർബന്ധമാണ്. 35,400 മുതൽ 1,12,400 രൂപ വരെയാണ് ശമ്പളം.
സെക്കൻഡറി തലത്തിൽ ഹിന്ദി,ഉറുദു,പഞ്ചാബി,ഇംഗ്ലിഷ് എന്നിവയിൽ ഏതെങ്കിലും വിഷയം പഠിച്ചിരിക്കണം. ഡൽഹിയിലെ പരീക്ഷകേന്ദ്രത്തിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക. 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മാർക്കിൽ 5 ശതമാനം ഇളവുണ്ടാകും. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല. എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്‌ക്കാം. 30 വയസ്സാണ് അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി. ഒക്ടോബർ 16 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകരുടെ യോഗ്യത സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് dsssb.delhi.gov.in സന്ദർശിക്കുക.
















