Career

ജോലിക്കായി പറക്കാം; വർക്ക് വീസ എളുപ്പത്തിൽ ലഭിക്കുന്ന 8 രാജ്യങ്ങൾ

യുവതലമുറയിലെ പലരും സ്വന്തം നാടുവിട്ട് വിദേശത്ത് ചേക്കേറാൻ ആഗ്രഹിക്കുന്നവരാണ്. ഉയന്ന ശമ്പളം, ഉയന്ന ജീവിതനിലവാരം, ഉയർന്ന ജോലിസാധ്യതകൾ ഇതൊക്കെയാണ് അവരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. എന്‍ജിനീയറിങ്, ഐടി, ആരോഗ്യരംഗം, സാമ്പത്തികം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വൻ തൊഴിലവസരങ്ങൾ പല രാജ്യങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, വർക്ക് വീസ കിട്ടാൻ പലരും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇപ്പോഴിതാ, പല രാജ്യങ്ങളും വർക്ക് വീസ നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. വര്‍ക്ക് വീസ എളുപ്പം ലഭിക്കുന്ന ചില രാജ്യങ്ങളെ അറിയാം.

  1. ജർമ്മനി

ഐടി, ആരോഗ്യം എന്നീ രംഗത്തെ തൊഴിൽ അന്വേഷകരുടെ ഇഷ്ട രാജ്യങ്ങളിൽ ഒന്നാണ് ജർമ്മനി. ജർമ്മനിയിലെ വീസ ഉപയോഗിച്ച് ആറു മാസം വരെ ജോലി അന്വേഷിക്കാനുള്ള അനുമതി ഇന്ത്യക്കാർക്ക് രാജ്യം നൽകുന്നുണ്ട്. ഇതിനിടെയിൽ ജോലി ലഭിക്കുകയാണെങ്കില്‍ വര്‍ക്ക് വീസയിലേക്കോ ബ്ലൂ കാര്‍ഡിലേക്കോ മാറാം.

  1. കാനഡ

ഇന്ത്യക്കാരായ തൊഴിൽ അന്വേഷകരുടെ സ്വപ്ന ഭൂമിയാണ് കാനഡ. ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം(TFWP), എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം എന്നിവയെല്ലാം പ്രൊഫഷണലുകൾക്ക് രാജ്യത്തിൽ എളുപ്പത്തിൽ എത്താനുള്ള സാഹചര്യം ഒരുക്കുന്നു. പെര്‍മെനന്റ് റെസിഡന്‍സിയിലേക്ക് നയിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റുകളും കാനഡ നല്‍കുന്നുണ്ട്.

  1. ഓസ്ട്രേലിയ

ഇന്ത്യയില്‍ ഐടി മേഖലയില്‍ നിന്നും ആരോഗ്യ മേഖലയില്‍ നിന്നും നിരവധി പേർ ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. സ്‌കില്‍ഡ് ഡെവലപ്‌മെന്റ് വീസ (സബ്ക്ലാസ് 189), ടെംപററി സ്‌കില്‍ ഷോട്ടേജ് വീസ (സബ്ക്ലാസ് 482) എന്നിവയെല്ലാം ഓസ്ട്രേലിയയിലേക്ക് ഇന്ത്യക്കാർക്ക് എത്തുന്നതിനുള്ള അവസരങ്ങളാണ്.

  1. ന്യൂസിലൻഡ്

ലളിതമായ വീസ നടപടിക്രമങ്ങളാണ് ന്യൂസിലൻഡിനുള്ളത്. ആരോഗ്യ, നിര്‍മാണ മേഖലയില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് ഇവിടെ നിരവധി അവസരങ്ങളുണ്ട്. ന്യുസിലന്‍ഡിന്റെ ഇമിഗ്രേഷന്‍ സംവിധാനം താരതമ്യേന സുതാര്യമാണെന്നതിനാൽ രാജ്യത്തേക്കുള്ള യാത്രകൾ സുഗമമാക്കുന്നു.

  1. യുഎഇ

ഇന്ത്യക്കാർ കൂടുതലായുള്ള ഗൾഫ് രാജ്യങ്ങളിലൊന്നാണ് യുഎഇ. സാധാരണക്കാർക്ക് യുഎഇ നിരവധി തൊഴിൽ അവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എളുപ്പത്തില്‍ വര്‍ക്ക് വീസ ലഭിക്കുമെന്നതും സാധാരണ തൊഴില്‍ ദാതാക്കള്‍ തന്നെ വര്‍ക്ക് വീസ നല്‍കുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ദുബായ്, അബുദാബി പോലുള്ള സ്ഥലങ്ങളില്‍ വലിയ രീതിയിൽ തൊഴിലവസരങ്ങളുണ്ട്.

  1. സിംഗപ്പൂർ

ഇന്ത്യക്കാർ നിരവധിയുള്ള മറ്റൊരു രാജ്യമാണ് സിംഗപ്പൂർ. ധനകാര്യ, വ്യാപാര മേഖലകളിലുള്ള പ്രൊഫഷണലുകള്‍ക്ക് ഇവിടെ മികച്ച അവസരങ്ങളുണ്ട്. കരിയറിൽ മികവു തെളിയിച്ചവര്‍ക്ക് എംപ്ലോയ്‌മെന്റ് പാസും സിംഗപ്പൂര്‍ നല്‍കുന്നുണ്ട്.

  1. അയർലൻഡ്

പ്രൊഫഷണലുകള്‍ക്കു വേണ്ടി പ്രത്യേകം എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് അയർലൻഡ് നൽകുന്നുണ്ട്. വീസ അപ്രൂവല്‍ മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേക്കാള്‍ വേഗത്തിലാണ്. ഐടി മേഖലയിലെ വളർച്ച് ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കൊടുത്തിട്ടുണ്ട്.

  1. യു.കെ

ഐടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് യു.കെയിൽ എളുപ്പത്തില്‍ വീസ ലഭിക്കും. ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ഓപ്ഷനും യു.കെയിലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനം യുകെ അവതരിപ്പിച്ചത് ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്.

Related Posts