ലഖ്‌നൗ: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ. 28 വിഷയങ്ങളിലായി മൊത്തം 1253 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തസ്തികകളിലേക്കുള്ള യോഗ്യത തീരുമാനിക്കുന്നതിനായി 75 മാർക്കിന്റെ എഴുത്തുപരീക്ഷയും 25 മാർക്കിന്റെ അഭിമുഖവും ഉണ്ടായിരിക്കും. ഏറ്റവും കുറഞ്ഞ ശമ്പളം 57,700 രൂപയും ഉയർന്ന ശമ്പളം 1,82,400 രൂപയുമാണ്.
ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അതിനൊപ്പം യുജിസി നെറ്റ് യോഗ്യതയും പിഎച്ച്ഡിയും നിർബന്ധമാണ്. സംവരണം ആവശ്യപ്പെടുന്നവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് തെളിയിക്കണം. സംവരണത്തിന് അർഹിായവർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ടാകും. 2025 ജൂലൈ ഒന്നിന് 21 വയസ്സിനും 40നയസ്സിനും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം.
ജനറൽ, ഇഡബ്ലിയു, ഒബിസി എന്നീ വിഭാഗക്കാർക്ക് 125 രൂപയാണ് അപേക്ഷാഫീസ്. എസ്‍സി/എസ്ടി വിഭാഗത്തിലുള്ളവർക്കും മുൻ സൈനികർക്കും 65 രൂപയാണ് അപേക്ഷാഫീസ്. പിഡബ്ല്യുഡി ഉദ്യോഗാർഥിക്ക് 25 രീപ മാത്രം നൽകിയാൾ മതി. വനിതകൾ, സ്വാതന്ത്ര്യ സമരസേനാനികളുടെ ആശ്രിതർ, കായിക താരങ്ങൾ എന്നിവർക്ക് അവരുടെ പ്രധാന വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഫീസ് നിരക്ക് ബാധകമാണ്.
ഒക്ടോബർ 6 ആണ് അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി. അപേക്ഷയിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ ഒക്ടോബർ 13 വരെ അവസരമുണ്ടാകും. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.