ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) വിഭാഗത്തിലേക്കുള്ള നിയമനത്തിന് 1,266 ഒഴിവുകൾ. ഇന്ത്യൻ നേവിയുടെ വിവിധ അപ്രന്റിസ് സ്കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയ എക്സ്സ്–നേവൽ അപ്രന്റിസുകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസശമ്പളം 19,900 മുതൽ 63,200 രൂപ വരെയായിരിക്കും. അപേക്ഷകൾ സെപ്റ്റംബർ 2 വരെ ഓൺലൈനായി സമർപ്പിക്കാം.മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഡീസൽ മെക്കാനിക്, ഐസിഇ ഫിറ്റർ ക്രെയ്ൻ, ക്രെയ്ൻ ഓപ്പറേറ്റർ (ഓവർഹെഡ്), ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മെക്കാനിക്, മേസൺ, ബിൽഡിങ് മെയിന്റനൻസ് ടെക്നിഷ്യൻ, ഇലക്ട്രിഷ്യൻ, പവർ ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടർ ഫിറ്റർ, റേഡിയോ/റഡാർ മെക്കാനിക്, ഗൈറോ ഫിറ്റർ, സോണാർ ഫിറ്റർ, മെക്കാനിക് മറൈൻ ഡീസൽ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാട്രോണിക്സ് മെക്കാനിക്, മെഷിനിസ്റ്റ്, ടർണർ, വെപ്പൺ ഫിറ്റർ, പൈപ് ഫിറ്റർ, പ്ലംബർ, വെൽഡർ, ഷിപ്റൈറ്റ് സ്റ്റീൽ, ഷീറ്റ് മെറ്റൽ വർക്കർ, ബോയ്ലർ മേക്കർ തുടങ്ങി നിരവധി ട്രേഡുകളിലേക്കാണ് നിയമനം.
അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 25 വരെയാണ്. പത്താം ക്ലാസ്/തത്തുല്യ യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും നിർബന്ധമാണ്. മെക്കാനിക്/തത്തുല്യ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ആർമി/നേവി/എയർ ഫോഴ്സ് ടെക്നിക്കൽ ബ്രാഞ്ചിൽ കുറഞ്ഞത് 2 വർഷത്തെ സ്ഥിരസേവന പരിചയമുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.onlineregistrationportal.in സന്ദർശിക്കുക.