മുംബൈ: പരിസ്ഥിതി, മൃഗാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ജാംഗനഗറിലെ അത്യാധുനിക കേന്ദ്രത്തില്‍ വെച്ച് മൃഗഡോക്റ്റര്‍മാര്‍ക്കായി പ്രത്യേക പരിശീന കോഴ്‌സ് സംഘടിപ്പിച്ച് വന്‍താര. അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി രക്ഷാ, സംരക്ഷണ സംരംഭമാണ് വന്‍താര. കണ്‍സര്‍വേഷന്‍ മെഡിസിന്‍ പശ്ചാത്തലമാക്കിയാണ് മൃഗഡോക്റ്റര്‍മാക്കായി ഓഗസ്റ്റ് 18 മുതല്‍ 20 വരെ വന്‍താര ജാംനഗറില്‍ വെറ്ററിനറി ട്രെയ്‌നിംഗ് കോഴ്‌സ് സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൃഗശാലകളില്‍ നിന്നും വന്യജീവി പരിപാലന കേന്ദ്രങ്ങളില്‍ നിന്നുമായി 54 വെറ്ററിനറി വിദഗ്ധരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. വൈല്‍ഡ്‌ലൈഫ് ഹെല്‍ത്ത് മാനേജ്‌മെന്റ്, എമര്‍ജന്‍സി റെസ്‌പോണ്‍സ്, രോഗ നിരീക്ഷണം, രോഗനിര്‍ണയം, രോഗം വരാതിരിക്കാനുള്ള കാര്യങ്ങല്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ നയിച്ച സെഷനുകളും പ്രാക്റ്റിക്കല്‍ ട്രെയ്‌നിംഗും കോഴ്‌സിന്റെ ഭാഗമായി ഉണ്ടായിരുന്നു.
വന്‍താരയിലെ പ്രമുഖ സ്‌പെഷ്യലിസ്റ്റുകള്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ധരുമായി സഹകരിച്ചാണ് കോഴ്സ് നടത്തിയത്. വന്‍താരയിലെ വൈല്‍ഡ്ലൈഫ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ചീറ്റ കണ്‍സര്‍വേഷന്‍ സെന്റര്‍, എലിഫന്റ് കെയര്‍ സെന്റര്‍, സസ്യഭുക്കുകളുടെ രക്ഷാ കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക കേന്ദ്രങ്ങളിലായിരുന്നു ക്ലാസ് റൂം ചര്‍ച്ചകള്‍, ക്ലിനിക്കല്‍ പ്രദര്‍ശനങ്ങള്‍, ഫീല്‍ഡ് വിസിറ്റ് എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടന്നത്.
ഫീല്‍ഡിലെ അടിയന്തര പ്രതികരണം (എമര്‍ജന്‍സി റെസ്‌പോണ്‍സ്), അനസ്‌തേഷ്യ, രോഗനിര്‍ണയ രീതികള്‍, വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങളുടെ ചികിത്സ എന്നിവയുള്‍പ്പെടെ വെറ്ററിനറി പരിചരണത്തിനായുള്ള ആധുനിക സമീപനങ്ങള്‍ വിവിധ സെഷനുകളില്‍ ചര്‍ച്ചാവിഷയമായി. മനുഷ്യ പരിചരണത്തിലുള്ള മൃഗങ്ങളുടെ പോഷകാഹാരം, പോഡിയാട്രി, ദന്തചികിത്സ, പ്രത്യുല്‍പാദന ആരോഗ്യം എന്നിവയുള്‍പ്പെടെയുള്ള പ്രതിരോധ ആരോഗ്യ സംരക്ഷണ രീതികള്‍ക്കും, രോഗ നിരീക്ഷണത്തിലും സൂനോട്ടിക് അപകടസാധ്യതകളിലുമെല്ലാമാണ് പരിശീലനം ഊന്നല്‍ നല്‍കിയത്.
”വന്യജീവി സംരക്ഷണത്തിനായി സമര്‍പ്പിക്കുന്ന ഒരു ശക്തമായ വെറ്ററിനറി ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള വന്‍താരയുടെ പ്രതിബദ്ധതയാണ് ഈ പരിശീലന കോഴ്‌സ് പ്രതിഫലിപ്പിക്കുന്നത്. പ്രായോഗിക വൈദഗ്ധ്യവും ആഗോളതലത്തിലെ മികച്ച രീതികളിലുള്ള പരിചയവും മൃഗഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ, മൃഗങ്ങളുടെ ദീര്‍ഘകാല പരിചരണം വര്‍ദ്ധിപ്പിക്കാനും ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് അര്‍ത്ഥവത്തായ സംഭാവന നല്‍കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ഗ്രീന്‍സ് സുവോളജിക്കല്‍, റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബ്രിജ് കിഷോര്‍ ഗുപ്ത പറഞ്ഞു.
വെറ്ററിനറി പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും, ശാസ്ത്രീയ വന്യജീവി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യവ്യാപകമായി സര്‍ക്കാര്‍ നയിക്കുന്ന സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള വന്‍താരയുടെ സംരംഭമായ ഹീലിംഗ് ദി വൈല്‍ഡിന് കീഴിലാണ് പരിശീലന കോഴ്‌സ് നടന്നത്. പരിപാടിയില്‍ പങ്കെടുത്ത എല്ലാ മൃഗഡോക്ടര്‍മാര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. 2,000ത്തിലധികം ഇനങ്ങളില്‍ നിന്നുള്ള 150,000-ത്തിലധികം മൃഗങ്ങള്‍ക്ക് ആവാസ കേന്ദ്രമൊരുക്കുന്നു വന്‍താര. 3500ലധികം പ്രൊഫഷണലുകളാണ് ഈ മുന്നേറ്റത്തെ നയിക്കുന്നത്.