മലപ്പുറം: മുൻ എംഎൽഎ പി വി അന്‍വറിന്റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് പരിശോധന രാത്രി 9.30 വരെ നീണ്ടു. അന്വഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ ഇ ഡി അന്വേഷിക്കും. അറിയേണ്ട കാര്യങ്ങള്‍ ഇ ഡി ചോദിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ അന്‍വറിനെ കാണാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ പരിശോധന നടത്തിയത്. വന്‍ പൊലീസ് സുരക്ഷയിലായിരുന്നു പരിശോധന നടന്നത്. അന്‍വറിന്റെ സഹായിയായ സിയാദിന്റെ എടവണ്ണയിലെ വീട്ടിലും പരിശോധന നടന്നു. പി വി അൻവർ 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന കേസിൽ മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ അൻവറിന്റെ പത്തോളം സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്.
















