Homepage Featured Kerala News

എസ്ഐആർ: കൃത്യതയ്ക്കായി രാഷ്ട്രീയ പാർട്ടികളുടേയും ബിഎൽഒമാരുടേയും യോ​ഗം, അപേക്ഷകൾ സ്വീകരിച്ച് അപ്‍ലോഡ് ചെയ്യുന്നത് തുടരുമെന്ന് രത്തൻ ഖേൽക്കർ

തിരുവനന്തപുരം:സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള നടപടികൾ പുരോ​ഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർ(BLO)മാർ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. വോട്ടർ പട്ടികയുടെ കൃത്യതയ്ക്കും സുതാര്യതയ്ക്കുമായി ബിഎൽഒമാർ രാഷ്ട്രീയപാർട്ടികളുമായി ചേർന്ന് യോ​ഗങ്ങൾ സംഘടിപ്പിക്കാൻ നിർദേശം നൽകിയതായും രത്തൻ ഖേൽക്കർ അറിയിച്ചു.

എന്യൂമെറേഷൻ ഫോം വിതരണം 99 % പൂർത്തിയായിട്ടുണ്ട് എന്നാൽ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകൾ(Untraceable Forms) 60344 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.22 ശതമാനമാണ്. എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തു തീരുന്നതോടെയേ ഇതു സംബന്ധിച്ച കണക്ക് പൂർണമായും ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ഐആറിൽ ​പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ പരാതികൾ ഉണ്ടാവാതിരിക്കുന്നതിനുമായി, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നാമനിർദ്ദേശം ചെയ്ത ബൂത്ത് ലെവൽ ഏജന്റുമാരുമായി ചേർന്ന് അടിയന്തരമായി യോഗങ്ങൾ സംഘടിപ്പിക്കാൻ എല്ലാ ബിഎൽഒമാർക്കും നിർദ്ദേശം നൽകിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഫോമുകൾ സ്വീകരിക്കാനായി ബിഎൽഒമാർ സംഘടിപ്പിച്ച കളക്ഷൻ ഹബ്ബുകൾ താൻ സന്ദർശിച്ചതായും രത്തൻ ഖേൽക്കർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കളക്ടർമാരും കളക്ഷൻ ഹബ്ബുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.

Related Posts