തിരുവനന്തപുരം: എസ്ഐആർ തിടുക്കപ്പെട്ട് നടപ്പാക്കേണ്ടതില്ലെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. എന്യൂമറേഷൻ ഘട്ടം ഡിസംബർ നാലിനു തന്നെ പൂർത്തിയാക്കണമെന്നും സമക്രമത്തിൽ മാറ്റം വരുത്തില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. സിപിഎം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ എസ്ഐആർ നടത്തുന്നത് നീക്കി വെക്കണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ബിജെപിയും മാറ്റിവെക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമത്തിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ 23/2023 എന്ന 2025 ഒക്ടോബർ 27 ലെ ഓർഡർ പ്രകാരം നവംബർ നാലിനായിരുന്നു സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചത്. 1950 ലെ പ്രാതിനിധ്യ നിയമം അനുസരിച്ച് ഇതിനായി ബൂത്ത് ലെവൽ ഓഫീസർമാരേയും ഡെപ്യൂട്ടേഷനിൽ നിയമിച്ചു. വീടുകളിലെത്തി വോട്ടുചേർക്കേണ്ടവരുടെ രേഖകൾ പരിശോധിക്കാനും കൃത്യത ഉറപ്പുവരുത്താനും ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഉത്തരവാദിത്തമുണ്ട്. ഈ കാലയളവിൽ ബിഎൽഒമാരെ മറ്റു ജോലികളിൽ നിന്ന് പൂർണമായി നീക്കാനും നിർദേശമുണ്ട്. വോട്ടർപട്ടികയിൽ അവകാശവാദങ്ങൾക്കും പരാതികൾക്കും ഡിസംബർ 5 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ അവസരമുണ്ടാകും. 2026 ഫെബ്രുവരി 9 ന് രണ്ടാം ഘട്ടവും പൂർത്തിയാക്കണം.
7 ജില്ലകളിൽ ഡിസംബർ 9 ന് ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ 2002 ലെ വോട്ടർ പട്ടിക അനുസരിച്ച് പരിഷ്കരണം നടത്തുന്നത് ബിഎൽഒമാർ മുതൽ കലക്ടർമാർക്കു വരെ തലവേദനയാണെന്നിരിക്കെയാണ് സമയക്രമത്തിൽ മാറ്റമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിലപാടെടുത്തിരിക്കുന്നത്. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യം ലഭ്യമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
















