ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ബാംഗ്ലേദേശിലാകെ ഹൈ അലർട്ട് പ്രഖ്യാപിച്ച് സർക്കാർ. സൈന്യത്തേയും പോലീസ് സേനകളേയും ധാക്ക ഉൾപ്പെട്ട പ്രധാന നഗരങ്ങളിൽ വിന്യസിച്ചു. മുൻ പ്രധാനമന്ത്രിക്ക് വധ ശിക്ഷ വിധിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പലഭാഗത്തും കലാപകാഹ്വാനങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
രാജധാനിയായ ധാക്കയിൽ ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപകനുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വീട് തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. ഇവരെ ലാത്തിച്ചാർജും ടിയർ ഗ്യാസ് ഷെല്ലുകളും ഉപയോഗിച്ച് സുരക്ഷാ സേന തുരത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി നിരവധി സൗണ്ട് ഗ്രനേഡുകൾ ഉപയോഗിക്കേണ്ടി വന്നതായി ബംഗ്ലാദേശി മാധ്യമമായ ഡെയിലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ നടന്ന ലാത്തിച്ചാർജിലും കല്ലേറിലും ഇരുപക്ഷത്തുമുള്ള നിരവധി നിരവധിപേർക്ക് പരിക്കേറ്റു.
ഹസീനയ്ക്കും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനുമെതിരായ വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സർക്കാർ രാജ്യത്തെ പ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കി.അവാമി ലീഗിന്റെ കോട്ടയെന്നു കരുതപ്പെടുന്ന ഗോപാൽഗഞ്ച് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ബംഗ്ലാദേശ് ബോർഡർ ഗാർഡിന്റെ സൈനികരെ അധികമായി വിന്യസിച്ചു.
ഡാക്കയിൽ രഹസ്യാക്രമണങ്ങൾ, രാജ്യമൊട്ടാകെ ജാഗ്രത
നവംബർ 10 മുതൽ ഡാക്കയിൽ രഹസ്യാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മിർപൂരിലെ നോബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ പേരിലുള്ള ഗ്രാമീൺ ബാങ്ക് ആസ്ഥാനത്തിന് മുന്നിലുണ്ടായ ക്രൂഡ് ബോംബ് സ്ഫോടനം സുരക്ഷ ഏജൻസികളെ ആശങ്കിയിലാഴ്ത്തി. ക്രമസമാധാനം തകരാതിരിക്കാൻ രാജ്യമൊട്ടാകെ സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യ കൈമാറണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് തിങ്കളാഴ്ച ഔദ്യോഗിക ഹർജി ഉന്നയിച്ചു.കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് പ്രതികളെ കൈമാറാനുള്ള ബാധ്യതയുണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ വർഷം നടന്ന വിദ്യാർത്ഥി കലാപത്തിൽ വ്യാപകമായ അക്രമങ്ങൾ ഉണ്ടായതിനെ തുടർന്ന് രാജ്യം വിട്ട ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയിരിക്കുകയാണെന്നാണ് ബംഗ്ലാദേശ് ഉന്നയിക്കുന്ന വാദം.
















