Homepage Featured Kerala News

20 ലക്ഷം സ്ത്രീകൾക്ക് അടുത്ത 5 വർഷത്തിനുള്ളിൽ തൊഴിൽ, ലിസ്റ്റിൽ പെടാത്ത ഭവനരഹിതർക്ക് അഞ്ചു വർഷത്തിനുള്ളിൽ വീട്; ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി. ജനക്ഷേമം, സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യം വെച്ചുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് മിഷനിൽ ഉൾപ്പെടാതെ ഇപ്പോഴും ഭവനരഹിതരായി തുടരുന്നവർക്ക് അടുത്ത അഞ്ച് വർഷത്തിനകം വീടുകൾ നിർമിച്ച് നൽകുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുന്നതിനായി 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മാനിഫെസ്റ്റോയിൽ പറയുന്നു. ഒരു സ്ത്രീക്ക് പ്രതിമാസം 10,000 രൂപ വരുമാനം ലഭിക്കുമെന്നും ഇതുവഴി സാധാരണ കുടുംബങ്ങൾക്ക് 24,000 കോടി രൂപ വരെ ലഭിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കൊച്ചി കോർപ്പറേഷന്റെ ‘സമൃദ്ധി’ മാതൃകയിൽ സംസ്ഥാനത്തുടനീളം ജനകീയ ഭക്ഷണശാലകൾ സ്ഥാപിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. പൊതു അടുക്കളകൾക്കും ജനകീയ ഹോട്ടലുകൾക്കും കൂടുതൽ പിന്തുണയും വിപുലീകരണവും നൽകും. മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ ലഭ്യമാക്കുമെന്ന ലക്ഷ്യവും വ്യക്തമാക്കുന്നു. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപനത്തിലും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൂട്ട പാർപ്പിടങ്ങൾ ഒരുക്കുമെന്നും മാനിഫെസ്റ്റോയിൽ പറയുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുമെന്നും അടുത്ത അഞ്ചുവർഷത്തിനകം ദേശീയ പെർഫോർമൻസ് ഗ്രേഡിംഗ് ഇൻഡെക്സിൽ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു.

Related Posts