ഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. അമീർ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് സ്ഫോടനം നടന്ന കാര്‍ വാങ്ങിയതെന്നാണ് വിവരം. ഈ കാർ വാങ്ങാനായാണ് അമീർ റഷീദ് അലി ദില്ലിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമായാണ് എൻഐഎ പ്രതികരിക്കുന്നത്.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ ദിവസം പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നതിൽ വ്യക്തതയില്ല.
ദില്ലിസ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ ഹരിയാനയിലെ നൂഹ് ജില്ലയിലെ കടകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഇവിടെ രണ്ട് പേർ പിടിയിലായതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരാൾ സ്ഫോടനസമയം ദില്ലിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തിനുപയോഗിച്ച കാര്‍ ഓടിച്ച ഡോ. ഉമര്‍ നബിയുടെ സുഹൃത്തുക്കളായ മുഹമ്മദ്, മുസ്തകിം എന്നീ ഡോക്ടര്‍മാരും നൂഹില്‍ വെച്ചായിരുന്നു നേരത്തേ പിടിയിലായത്.
അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻ ഐ എ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ബംഗാളിലെ ഉത്തര ദിനാജ്പുര്‍ ജില്ലയില്‍ നിന്ന് എന്‍ഐഎ അറസ്റ്റുചെയ്തിരുന്നു.
















