2026 ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിലേക്ക് കോടികളുടെ പേഴ്‌സ് ബാലന്‍സുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പ്രമുഖ താരങ്ങളെയടക്കം റിലീസ് ചെയ്തതോടെയാണ് കൊല്‍ക്കത്ത ‘റിച്ചായത്’.
കഴിഞ്ഞ മെഗാ താരലേലത്തില്‍ വന്‍ തുകയ്ക്കു സ്വന്തമാക്കിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത റിലീസ് ചെയ്തു. കഴിഞ്ഞ മെഗാ താരലേലത്തില്‍ 23.75 കോടിക്കാണ് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. താരത്തെ റിലീസ് ചെയ്യുന്നതോടെ ഈ തുക കൊല്‍ക്കത്തയുടെ പേഴ്‌സ് ബാലന്‍സിലേക്ക് തിരിച്ചെത്തും.
കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെയും കൊല്‍ക്കത്ത റിലീസ് ചെയ്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്ക്, അന്റിച്ച് നോര്‍ക്കിയ, റഹ്‌മാനുള്ള ഗുര്‍ബാസ്, മൊയീന്‍ അലി, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവരാണ് കൊല്‍ക്കത്ത റിലീസ് ചെയ്ത മറ്റു വിദേശ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളായ ചേതന്‍ സക്കറിയ, ലുവ്നിത് സിസോദിയ എന്നിവരെയും കൊല്‍ക്കത്ത വിട്ടു. മിനി താരലേലത്തിലേക്ക് വരുമ്പോള്‍ പേഴ്സില്‍ ഏറ്റവും കൂടുതല്‍ തുക ശേഷിക്കുന്ന ടീം കൊല്‍ക്കത്തയായിരിക്കും. 13 സ്ലോട്ടുകളാണ് കൊല്‍ക്കത്തയ്ക്കു നികത്താനുള്ളത്. അതില്‍ ആറ് വിദേശ താരങ്ങളെ ലേലത്തില്‍ എടുക്കാം. 64.3 കോടി രൂപ പേഴ്സില്‍ ശേഷിക്കുന്നുണ്ട്.
അജിങ്ക്യ രഹാനെ കൊല്‍ക്കത്ത നായകനായി തുടരും. കൊല്‍ക്കത്ത നിലനിര്‍ത്തിയ മറ്റു താരങ്ങള്‍: അങ്ക്ക്രിഷ് രഘുവന്‍ശി, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, മനീഷ് പാണ്ഡെ, രമണ്‍ദീപ് സിങ്, റിങ്കു സിങ്, റോവ്മന്‍ പവല്‍, സുനില്‍ നരെയ്ന്‍, ഉമ്രാന്‍ മാലിക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി
കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് വെങ്കടേഷ് അയ്യരെ റിലീസ് ചെയ്യാന്‍ കാരണം. 11 മത്സരങ്ങളില്‍ നിന്ന് 20.29 ശരാശരിയില്‍ വെറും 142 റണ്‍സ് മാത്രമാണ് വെങ്കടേഷ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി നേടിയത്.
















