കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 30 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി. 31 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേൽ 26 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 18 ഉം ധ്രുവ് ജുറെൽ 13 റണ്‍സുമെടുത്താണ് പുറത്തായത്.
ദക്ഷിണാഫ്രിക്കക്കായി സൈമണ്‍ ഹാര്‍മർ നാലു വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജും മാര്‍ക്കോ യാന്‍സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാഹത്തിയില്‍ തുടങ്ങും.
15 വര്‍ഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 13 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോല്‍ക്കുന്നത്. ഗംഭീര്‍ പരിശീലകനായശേഷം നാട്ടില്‍ കളിച്ച ആറ് ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം തോല്‍വിയാണിത്. മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലുമായി 8 വിക്കറ്റെടുത്ത സൈമണ്‍ ഹാര്‍മറാണ് കളിയിലെ താരം.
ഓപ്പണർമാരേയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ തുടക്കത്തിൽ തന്നെ ഇന്ത്യ പതറിയിരുന്നു. ദക്ഷിണാഫ്രിക്കക്കായി ആദ്യ രണ്ട് വിക്കറ്റും വീഴ്ത്തിയത് മാര്‍ക്കോ യാന്‍സനാണ്. യശസ്വി ജയ്സ്വാളിനെയും(0) ഒരു റണ്ണുള്ളപ്പോള്‍ കെ എല്‍ രാഹുലിനെയും(1) മാര്‍ക്കോ യാന്‍സൻ പുറത്താക്കി.
ആദ്യ ഓവറിലെ നാലാം പന്തില്‍ ജയ്സ്വാളിനെ വിക്കറ്റിന് പിന്നില്‍ വിക്കറ്റ് കീപ്പര്‍ വെരിയെന്നെയുടെ കൈകളിലെത്തിച്ചാണ് യാന്‍സന്‍ ഇന്ത്യയെ ആദ്യം ഞെട്ടിച്ചത്. തന്‍റെ രണ്ടാം ഓവറില്‍ യാന്‍സന്‍, കെ എല്‍ രാഹുലിനെയും വെരിയെന്നെയുടെ കൈകളിലേക്ക് നൽകി. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗിനില്ലാത്തതിനാല്‍ രാഹുല്‍ പുറത്തായതോടെ ധ്രുവ് ജുറെലാണ് ക്രീസിലെത്തിയത്.
സൈമണ്‍ ഹാര്‍മറുടെ പന്തില്‍ സിക്സിന് ശ്രമിച്ച ധ്രുവ് ജുറെൽ(13) കോര്‍ബിന്‍ ബോഷിനെ കൈകളിൽ കുടുങ്ങി പുറത്തായി. റിഷഭ് പന്ത്(2) സൈമൺ ഹാര്‍മര്‍ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് 26 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഹാര്‍മര്‍ പ്രതീക്ഷ തകര്‍ത്തു. പിന്നാലെ പൊരുതി നിന്ന സുന്ദറെ(31) മാര്‍ക്രം വീഴ്ത്തിയതോടെ ഇന്ത്യക്ക് തോൽവിയിലേക്കടുത്തു. കുല്‍ദീപിനെ(1) ഹാര്‍മര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അക്സര്‍ പട്ടേല്‍ പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം സിക്സിനുള്ള ശ്രമത്തിനിടെ ബാവുമയ്ക്ക് ക്യാച്ച് നൽകി കൂടാരം കയറി. മുഹമ്മദ് സിറാജിനെ സ്ലിപ്പില്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച് മാഹാരാജ് ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു. ജസ്പ്രീത് ബുമ്ര റണ്ണെടുക്കാതെ പുറത്താകാതെ നിന്നു.
നേരത്തെ 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 153 റൺസിന് ഓള്‍ ഔട്ടായിരുന്നു. 55 റണ്‍സുമായി ക്യാപ്റ്റൻ ടെംബാ ബാവുമ പുറത്താകാതെ നിന്നു. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം കോര്‍ബിന്‍ ബോഷ് 25 റണ്‍സെടുത്ത് പിടിച്ചു നിന്നു.
91-7 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന ബാവുമയും ബോഷും ചേര്‍ന്ന് മൂന്നാം ദിനം ദക്ഷിണാഫ്രിക്കയെ 135 റണ്‍സിലെത്തിച്ചു. സ്പിന്നര്‍മാരുമായി മൂന്നാം ദിനം ബൗളിംഗ് തുടര്‍ന്ന ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാനായില്ല. ഭാഗ്യവും ദക്ഷിണാഫ്രിക്കയെ തുണച്ചു. ഇരുവരും ഇന്ത്യക്ക് ഭീഷണിയാവുന്നതിനിടെ കോര്‍ബിന്‍ ബോഷിനെ പുറത്താക്കി ടെംബാ ബാവുമയുമായുള്ള കൂട്ടുകെട്ട് ജസ്പ്രീത് ബുമ്ര തകര്‍ത്തു.
ബോഷിനെ ക്ലീന്‍ ബൗണ്‍ഡാക്കിയ ബുമ്ര 44 റണ്‍സിന്‍റെ കൂട്ടുകട്ടായിരുന്നു തകര്‍ത്തത്. പിന്നാലെ മുഹമ്മദ് സിറാജ് സൈമണ്‍ ഹാര്‍മറെയും പുറത്താക്കി. അവസാന ബാറ്റിങ്ങിനെത്തിയ കേശവ് മഹാരാജിനെ നേരിട്ട മൂന്നാം പന്തില്‍ സിറാജിന്‍റെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. 136 പന്തില്‍ 55 റണ്‍സുമായി ബാവുമ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും ബുമ്രയും അക്സര്‍ പട്ടേലും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
















