കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജാണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയൊടെ ആയിരുന്നു സംഭവം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അനീഷിന് ബിഎൽഒയുടെ ഡ്യൂട്ടി ഉണ്ടായിരുന്നു.
വീട്ടിലുണ്ടായിരുന്നവർ പുറത്ത് പോയ സമയത്താണ് അനീഷ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ തിരിച്ചുവന്നപ്പോൾ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുറച്ച് ദിവസങ്ങളായി അനീഷിന് ജോലി സമ്മർദമുണ്ടായിരുന്നു എന്ന് പറഞ്ഞതായാണ് വീട്ടുകാരുടെ ആരോപണം. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നുമാണ് കുടുംബം പറയുന്നത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടിൽ നിന്ന് മൃതദേഹം മാറ്റി. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
















