Homepage Featured India News

ബിഹാർ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; കേരളത്തിലെ എസ്ഐആറിലും സംശയം, ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെസി വേണു​ഗോപാൽ

ഡൽഹി: ബീഹാർ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നും തോൽവി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് 19 കേസുകൾ ഹരിയാനയിലുണ്ടെന്നും ബിഹാറിൽ നടന്നതും വോട്ടുകൊള്ളയെന്നും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു. കോൺ​ഗ്രസിന്റെ ആരോപണങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും, തുടർനടപടികളും ഉണ്ടാവും. തേജസ്വി യാദവുമായി സംസാരിച്ച് ബീഹാര്‍ ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ക്രളത്തിൽ എല്ലാവരും പഞ്ചായത്ത് ഇലക്ഷന് വേണ്ടി പ്രവർത്തിക്കുന്നതിനിടെയാണ് എസ്ഐആർ നടപ്പിലാക്കുന്നതെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ എസ്ഐആർ തിരക്കിട്ട് നടപ്പിലാക്കുന്നതിൽ സംശയം പ്രകടിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടും കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നത് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്ഐആറിനു ശേഷം വോട്ടർപട്ടികയിലെ ക്രമക്കേടിലൂടെ ബിഹാറിലും ഹരിയാനയിലും ബിജെപിയെ വിജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്തുവെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. ജെഡിയു ഇന്ത്യ മുന്നണിക്കൊപ്പം ചേർന്നാലും ജയിക്കാനാകില്ലെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം അതീവ ​ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലികാർജ്ജുൻ ഖർഗെ തേജസ്വി യാദവിനോട് സംസാരിച്ചതായും ബീഹാറിൽ മഹാസഖ്യ നേതാക്കൾ യോഗം ചേർന്ന് തോൽവി വിലയിരുത്തുമെന്നും വേണു​ഗോപാൽ അറിയിച്ചു.

Related Posts