കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് കടുത്ത ശിക്ഷ വിധിച്ച് തലശ്ശേരി അതിവേഗ പോക്സോ കോടതി. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ മാത്രം 40 വർഷം തടവും, അതിന് പുറമേ ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട 376 എബി ഉൾപ്പെടെയുള്ള ബലാത്സംഗവും പോക്സോ നിയമവുമായ ബന്ധപ്പെട്ട വകുപ്പുകൾ എല്ലാം കോടതിയിൽ തെളിഞ്ഞു.
2020 ജനുവരി–ഫെബ്രുവരി മാസങ്ങളിലായി 10 വയസ്സുകാരിയെ മൂന്നുതവണ സ്കൂളിനകത്തും പുറത്തും വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പത്മരാജന് നേരെയുള്ള കേസ്. തുടക്കത്തിൽ പരാതി വ്യാജമാണെന്ന് പൊലീസ് വിലയിരുത്തുകയും പ്രതിക്കെതിരെ നടപടി കൈക്കൊള്ളാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ 2020 ഏപ്രിൽ 15ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകുകയും ചെയ്തു. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്.
2024 ഫെബ്രുവരിയിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. വിചാരണക്കൊടുവിൽ പത്മരാജൻ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചതായാണ് പ്രോസിക്യൂഷൻ പ്രതികരിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുൻപ് നടന്ന വാദത്തിൽ പ്രോസിക്യൂഷൻ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതിഭാഗം, പത്മരാജന്റെ കുടുംബസ്ഥിതിയും പ്രായവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ അതിന് ഉത്തരവാദികൾ മതതീവ്രവാദികളാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ കേസിന്റെ മെറിറ്റാണ് പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി.
















