Cinema Entertainment Homepage Featured

‘ബൊ​ഗെയ്ൻവില്ല’ ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കാനായില്ല; സാങ്കേതിക പ്രശ്നം വിനയായി, സമയം നീട്ടിനൽകാൻ കോടതി

തിരുവനന്തപുരം: ‘ബൊ​ഗെയ്ൻവില്ല’ ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കാനാകാത്തതിൽ ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നിവേദനം പരിഗണിക്കണമെന്ന് കോടതി. അമൽ നീരദ് സംവിധാനം ചെയ്ത മലയാള ചിത്രം സാങ്കേതിക തകരാറുമൂലം ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയിലാണ് കോടതി ഇടപെട്ടത്.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ, പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പണമടക്കേണ്ട ഘട്ടത്തിൽ പോർട്ടൽ തകരാറിലായെന്ന് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് പറയുന്നു. തുടർന്ന് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴ് അംഗീകാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു.

ഹര്‍ജിക്കാര്‍ പരാതി നല്‍കുകയും യഥാസമയം നിവേദനം സമര്‍പ്പിക്കുകയും ചെയ്തതിനാല്‍, അഭ്യര്‍ഥനയില്‍ ബന്ധപ്പെട്ട അധികാരി എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. റിട്ട് ഹര്‍ജി തീര്‍പ്പാക്കിയ കോടതി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയോട് ഹര്‍ജിക്കാരുടെ നിവേദനം പരിഗണിച്ച് പത്ത് ദിവസത്തിനകം കാരണങ്ങള്‍ സഹിതം ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദ്ദേശിച്ചു. ഹർജിയുടെ അടിസ്ഥാനത്തിൽ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നിവേദനം പരിഗണിക്കണമെന്നാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് കേന്ദ്രവാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

Related Posts