Kerala Local News

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച മുൻ എസിപി കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന മുൻ എസിപി കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിയാകുന്നു. കണ്ണൂർ മുൻ എസിപി ടികെ രത്നകുമാറാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സര രം​ഗത്തുള്ളത്.

എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയായിട്ടാണ് മത്സരരം​ഗത്തുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് മത്സരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് രത്നകുമാർ വിരമിച്ചത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാർഡ്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു എഡിഎം നവീൻ ബാബുവിന്റെ മരണം. തുടർന്ന് സിപിഎം പ്രതിരോധത്തിലാകുകയും ദിവ്യക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമടക്കം നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിരമിക്കൽ ദിനത്തിൽ നവിൻബാബുവിനെതിരെ പി.പി ദിവ്യ നടത്തിയ അധിക്ഷേപത്തിന് പിന്നാലെയായിരുന്നു നവിൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായി ചേരംകുന്നിൽ പുതുതായി തുടങ്ങാനിരുന്ന പെട്രോൾ പമ്പിൻ്റെ എൻഒസിയുമായി ബന്ധപ്പെട്ട് പിപി ദിവ്യ നടത്തിയ ആരോപണമാണ് സ്ഥലം മാറി പോകുകയായിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചത്.

പമ്പിന് എൻ.ഒ.സി നൽകുന്നതിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും പോകുന്നിടത്തെങ്കിലും ഇത് ആവർത്തിക്കാതിരിക്കട്ടെ എന്നും ദിവ്യ അധിക്ഷേപിച്ചത്. ജീവനക്കാർ മാത്രം പങ്കെടുത്ത വിമരമിക്കൽ ചടങ്ങിൽ ദിവ്യ ക്ഷണിക്കപ്പെടാതെ എത്തിയതും ദുരൂഹതകൾക്ക് വഴിയൊരുക്കിയിരുന്നു. ജില്ലാ കലക്ടർ അടക്കം കാഴ്ചക്കാരായിരുന്ന ചടങ്ങിന് ശേഷം സ്വദേശത്തേക്ക് മടങ്ങാൻ പുറപ്പെട്ട നവീൻ ബാബുവിനെ അടുത്ത ദിവസം താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Related Posts