തിരുവനന്തപുരം: ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഏറ്റവും പ്രധാന സ്ഥലമാണ് കൊച്ചിയെന്നാണ് ലോകത്തിലെ മുൻനിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ബുക്കിങ് ഡോട്ട് കോമിന്റെ 2026-ൽ പുറത്തുവിട്ട പട്ടികയിൽ പറയുന്നത്. ലോകത്തിലെ തന്നെ നിർബന്ധമായും സന്ദർശിക്കേണ്ട 10 യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഇന്ത്യയിൽ നിന്ന് കൊച്ചി മാത്രം ഇടം പിടിച്ചിരിക്കുന്നത്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി, നൂറ്റാണ്ടുകളുടെ ആഗോള വ്യാപാര, സാംസ്കാരിക വിനിമയത്താൽ രൂപപ്പെട്ട ഒരു കടൽത്തീര നഗരമാണ്. ഫോർട്ട് കൊച്ചിയുടെ പാതകളിലൂടെ സഞ്ചരിക്കൂ, അവിടെ ഹിപ്പ് ആർട്ട് കഫേകൾക്ക് അരികിൽ വർണ്ണാഭമായ മാളികകളും അറബിക്കടലിന്റെ ചക്രവാളത്തിനെതിരെ ചൈനീസ് മത്സ്യബന്ധന വലകളും കാണാം. ചരിത്രപരമായ വെയർഹൗസുകൾ അത്യാധുനിക കലാ ഇടങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ (ജനുവരി മുതൽ മാർച്ച് വരെ) സമയത്ത് നഗരം അതീവ സജീവമാകുന്നു. മുളകിട്ട എരിവുള്ള സമുദ്രവിഭവങ്ങൾ വിളമ്പുന്ന കള്ള് ഷാപ്പുകളിൽ മത്സ്യം തേങ്ങയരച്ച് വെക്കുന്ന പാചക പാരമ്പര്യങ്ങളും പരിചയപ്പെടാം.
നഗരമെന്നതിനപ്പുറം, കേരളത്തിന്റെ പ്രകൃതിദൃശ്യങ്ങളും യാത്രികരെ കാത്തിരിക്കുന്നുവെന്നതും നഗരത്തിന്റെ പ്രത്യേകതയാണ്. നഗരത്തിൽ നിന്ന് വലിയ ദൂരത്തിലല്ലാതെ ആലപ്പുഴയുടെ കായലുകളിലൂടെ സഞ്ചരിക്കാമെന്നും, മൂന്നാറിന്റെ മൂടൽമഞ്ഞുള്ള കുന്നുകളിൽ കയറാമെന്നും, അല്ലെങ്കിൽ മാരാരി ബീച്ചിലെ സ്വർണ്ണ മണലിൽ വെറതെ കിടക്കാമെന്നുമൊക്കെ വെബ്സൈറ്റിൽ പറയുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി എളുപ്പത്തിൽ എത്തിച്ചേരാവുന്ന കൊച്ചി, ദക്ഷിണേന്ത്യയുടെ പ്രകൃതി സൗന്ദര്യത്തിലേക്കും സാംസ്കാരിക സമ്പത്തിലേക്കും ഉള്ള കവാടമാണെന്നും ബുക്കിങ് ഡോട്ട് കോം പറയുന്നു.
ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലെ വാസ്തുശില്പ രീതികൾ കൊച്ചിയിൽ സന്ദർശകർക്ക് വിരുന്നൊരുക്കുന്നുണ്ട്. ആധുനിക ആർട്ട് കഫെകളും നഗരത്തെ സമ്പന്നമാക്കുന്നു. ചൈനീസ് വലകൾ, പൈതൃക കച്ചവടകേന്ദ്രങ്ങൾ, ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, അത്യാധുനിക കലാ കേന്ദ്രങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികൾ തുടങ്ങിയവ ഈ നഗരത്തിന്റെ ആകർഷണങ്ങളാണെന്ന് ബുക്കിങ് ഡോട്ട് കോമിന്റെ വെബ്സൈറ്റിൽ പറയുന്നു.
ലോകപ്രശസ്തമായ ബുക്കിങ് ഡോട്ട് കോം പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങളോടൊപ്പം ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയാണ് കേരളത്തിലെ കൊച്ചി. കേരളടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമായാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഈ ലിസ്റ്റിങ്ങിനെ കാണുന്നത്. സാംസ്കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങൾ – ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്കെന്നും മന്ത്രി പറയുന്നു.
















