ബിഗ് ബോസ് മലയാളത്തിലൂടെ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് നോറ മസ്‌കാന്‍. തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയില്‍ ആണെങ്കിലും തുറന്നുപറയാന്‍ മടിയില്ലാത്ത താരം. ഈയിടെയായി താന്‍ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെതിരെയും നോറ ശക്തമായി പ്രതികരിക്കുകയാണ്.
തടി കൂടിയെന്നു പറഞ്ഞ് വളരെ മോശം കമന്റുകള്‍ അടക്കം താന്‍ നേരിടുകയാണെന്ന് നോറ പറഞ്ഞു. കഴിഞ്ഞ ആറേഴ് മാസമായി എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ തടി കൂടിയിട്ടുണ്ട്, നോറയ്ക്ക് മെലിഞ്ഞ ലുക്കാണ് രസം എന്നുള്ള കമന്റ് വരും. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി. ഇത് ബോഡി ഷെയ്മിങ് കമന്റല്ല, എന്നാലും ബോറായിട്ടുണ്ട് എന്ന് ചിലര്‍ കമന്റ് ചെയ്യും. ഇങ്ങനെ പറയുന്നത് കെയര്‍ ആണോ കണ്‍സേണ്‍ ആണോയെന്ന് ഇതുവരെയായിട്ടും തനിക്ക് പിടികിട്ടിയിട്ടില്ലെന്ന് നോറ പറയുന്നു.
‘ ആര്യ-സിബിന്‍ കല്യാണത്തിന് പോയ സമയത്ത് എനിക്ക് വന്ന കമന്റ് ‘ഉടുമ്പ് വിഴുങ്ങിയത് പോലെ’, ‘തവള പോലെയുണ്ട്’ എന്നൊക്കെയാണ്. ഇങ്ങനെയുള്ള കമന്റുകളൊന്നും എന്നെ ബാധിക്കാറില്ല. പിന്നെ പല കാര്യങ്ങളിലും പ്രതികരിക്കുന്ന ഞാന്‍ സ്വന്തമായി ബോഡി ഷെയ്മിങ് വന്നപ്പോള്‍ എന്തുകൊണ്ട് മിണ്ടാതെ ഇരിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. തടി കൂടിയാലും കൂടിയില്ലെങ്കിലും എനിക്ക് എന്നെ ഇഷ്ടമാണ്. എനിക്ക് ജിമ്മില്‍ പോകണമെന്നുണ്ടെങ്കില്‍ ഞാന്‍ പോകും. പോകേണ്ടെങ്കില്‍ പോകില്ല. അതെന്റെ ചോയ്‌സാണ്,’ നോറ പറഞ്ഞു.
മെലിയണം എന്നുവെച്ച് പട്ടിണി കിടക്കാന്‍ തന്നെ കിട്ടില്ല. ഭക്ഷണം വളരെ ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് എനിക്ക് പറ്റുന്ന അത്രയും ഭക്ഷണം കഴിക്കും. ഒരാള്‍ തടി കൂടുന്നതിനു പല കാരണങ്ങളും ഉണ്ടാകാം. ചിലപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ സ്ട്രസ്, പിസിഒഡി പോലെയുള്ള ബുദ്ധിമുട്ടുകള്‍ കാരണവും ആവാമെന്നും നോറ കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള നോറ തന്റെ ഫോട്ടോഷൂട്ടുകള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ആറ് – ഏഴ് മാസമായി നോറ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കു താഴെ ബോഡി ഷെയ്മിങ് കമന്റുകളും വരാറുണ്ട്.
















