Cricket Homepage Featured Sports

ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ വേണം, സഞ്ജുവല്ലാതെ മറ്റാര്; ജഡേജയെ കൈയൊഴിഞ്ഞ് ചെന്നൈ !

ലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുമായി ട്രേഡിങ്ങിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ നീക്കങ്ങള്‍ നടത്തിയത്. വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ എന്നിവരെയാണ് സഞ്ജുവിനു പകരമായി ചെന്നൈ രാജസ്ഥാനു വിട്ടുനല്‍കുക.

ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെ രാജസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രെവിസിനെ തരാന്‍ പറ്റില്ലെന്നും പകരം സാം കറാനെ നല്‍കാമെന്നും ചെന്നൈ അറിയിച്ചു. ജഡേജയ്‌ക്കൊപ്പം കറാനെ കൂടി വിട്ടുതരാമെന്ന ചെന്നൈയുടെ ട്രേഡിങ് ഉപാധിക്കു മുന്നില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് വഴങ്ങിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇരു ഫ്രാഞ്ചൈസികളും ട്രോന്‍സ്ഫറുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. എങ്കിലും സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈയിലേക്ക് എത്തുമെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഉറപ്പുനല്‍കുന്നു. മഹേന്ദ്രസിങ് ധോണി ഐപിഎല്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് ചെന്നൈ സഞ്ജുവിനായി കരുക്കള്‍ നീക്കിയത്.

ട്രേഡിങ് പൂര്‍ത്തിയാകണമെങ്കില്‍ സാങ്കേതിക നടപടിക്രമമുണ്ട്. ട്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളുടെയും പേര് ഉള്‍പ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് താല്‍പ്പര്യ പത്രം അയയ്ക്കണം. അതിനുശേഷം താരങ്ങളുടെ സമ്മതം കൂടി ലഭിച്ചുകഴിഞ്ഞാല്‍ ഫ്രാഞ്ചൈസികള്‍ക്കു അന്തിമ കരാറിന്റെ നടപടികള്‍ ആരംഭിക്കാം. ഈ കരാര്‍ ഐപിഎല്‍ ഗവേണിങ് ബോഡി അംഗീകരിച്ചാല്‍ ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

കഴിഞ്ഞ 11 വര്‍ഷമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് സഞ്ജു. 2025 ലെ മെഗാതാരലേലത്തിനു മുന്നോടിയായി 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്.

Related Posts