തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി കണ്ണനെത്തൊഴുത് മുകേഷ് അംബാനി. സോപാനപടിയില്‍ കാണിക്കയുമര്‍പ്പിച്ച അദ്ദേഹം മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുതു. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് ദേവസ്വത്തിന് കൈമാറി.
ഞായറാഴ്ച രാവിലെ 7.30-തോടെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ മുകേഷ് അംബാനി റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവരും റിലയൻസ് മേധാവിയെ സ്വീകരിക്കാനെത്തി. തുടർന്നാണ് അദ്ദേഹം ക്ഷേത്ര നാലമ്പലത്തിനകത്ത് പ്രവേശിച്ച് കണ്ണനെ തൊഴുതത്.
തൊഴുതശേഷം കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് ദേവസ്വം ചെയര്‍മാന്‍ കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദവും ദേവസ്വത്തിന്റെ ഉപഹാരമായി ഓടക്കുഴലൂതുന്ന ഗുരുവായൂരപ്പന്റെ ചുവര്‍ചിത്രവും സമ്മാനിച്ചു. ദേവസ്വത്തിന്റെ ആരംഭിക്കാനൊരുങ്ങുന്ന മള്‍ട്ടിസ് പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി. മനോജ് എന്നിവര്‍ മുകേഷ് അംബാനിക്ക് സമര്‍പ്പിച്ചു. തുടർന്ന് ആശുപത്രി നിര്‍മ്മാണത്തിനായി 15 കോടിയുടെ ചെക്ക് അദ്ദേഹം കൈമാറി.
ആനകളുടെ പരിചരണത്തിനായി ദേവസ്വം ബോർഡ് തുടങ്ങാനൊരുങ്ങുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും അംബാനിക്ക് കൈമാറി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നൽകാമെന്ന് റിലയൻസ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ദേവസ്വത്തിന് ഉറപ്പു നൽകി.
















