കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം അതീവ ഗൗരവകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
‘കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാർഹവുമാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.’-മന്ത്രി പറഞ്ഞു. കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നതാണ് നീക്കമെന്നും ഈ നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ‘ഇത് നമ്മുടെ കുട്ടികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തൽ തിരിച്ചറിഞ്ഞുകൊണ്ട്, മതനിരപേക്ഷത തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ മുഴുവൻ ജനങ്ങളും ശക്തമായി പ്രതിഷേധിക്കണം.’-മന്ത്രി പറഞ്ഞു.
വിഷയത്തിൽ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
















