Homepage Featured Kerala News

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിലെ ​ഗണ​ഗീതം; പിൻവലിച്ച വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തു, മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയ വീഡിയോ ദക്ഷിണ റെയിൽവേ വീണ്ടും എക്‌സിൽ പോസ്റ്റ് ചെയ്തു. ഗണഗീതത്തിൻറെ ഇംഗ്ലീഷ് വിവർത്തനവും ചേർത്താണ് പുതിയ വീഡിയോ പങ്കുവെച്ചത്. എറണാകുളം സൗത്ത്–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികൾ ട്രെയിനിനകത്ത് നിന്ന് ഗണഗീതം ആലപിക്കുന്നതാണ് വീഡിയോ. ഈ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ നേരത്തെ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. ഇപ്പോൾ അത് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ്.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എക്‌സിലൂടെ നടത്തിയ വിമർശനത്തിന് മറുപടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രൂക്ഷ പ്രതികരണം നടത്തി. കുട്ടികൾക്ക് ഇഷ്ടമുള്ള ദേശഭക്തിഗാനം പാടിയതാണോ പ്രശ്നമെന്ന് ചോദിച്ച അദ്ദേഹം, കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിച്ചു എന്ന ആരോപണവും ഉന്നയിച്ചു. സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് അപലപിക്കാനായി നിരവധി വിഷയങ്ങൾ ഉണ്ടല്ലോ എന്നും രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.

കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം–ബെംഗളൂരു റൂട്ടിൽ പ്രവർത്തിക്കുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

Related Posts