Homepage Featured Kerala News

മുഖം മിനുക്കുന്ന ഗോതീശ്വരം ബീച്ച്; മേമുണ്ട ഹയര്‍സെക്കന്‍ഡറിയില്‍ അക്വാടിക് സെന്റർ; സമഗ്രമായ ടൂറിസം വികസനമാണ് ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂർ മുതൽ കോഴിക്കോട് വരെയുള്ള കടൽത്തീരത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. സുസ്ഥിരവും സമഗ്രവുമായ ടൂറിസം വികസനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കഫെറ്റീരിയ, ടോയ്‍ലെറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയ, പ്രവേശന കവാടം, ശിൽപ്പം, ഓപ്പൺ സ്റ്റേജ്, ഗസെബോ, ഫുഡ് സ്റ്റാളുകൾ, ഷോപ്പുകൾ, പാതയോരം, ഇരിപ്പിടങ്ങൾ, വൈദ്യുതീകരണം, ചുറ്റുമതിൽ, ഫൗണ്ടൻ, കുട്ടികൾക്കുള്ള വിവിധ കളി ഉപകരണങ്ങൾ, ജിം എന്നിവയാണ് വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.

കൂടാതെ കോഴിക്കോട് മേമുണ്ട ഹയര്‍സെക്കന്‍ഡറിയില്‍ അക്വാടിക് സെന്ററിനായി (ജല കായിക പരിശീലന കേന്ദ്രം) 99.5 ലക്ഷം രൂപയും അനുവദിച്ചു. വിദ്യാഭ്യാസത്തെ കായികക്ഷമതയുമായി സമന്വയിപ്പിച്ച് വിദ്യാർത്ഥികളുടെയും ശാരീരികവും മാനസികവും കായികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര സംവിധാനമായിരിക്കുമിതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

99,50,000 രൂപയുടെ പദ്ധതി ശുപാര്‍ശയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആഭ്യന്തര ജല കായിക വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയത്. നിലവിലുള്ള കുളവും അനുബന്ധ സൗകര്യങ്ങളും നവീകരിച്ചുള്ള സമഗ്രമായ വികസനമാണ് വിഭാവനം ചെയ്യുന്നത്.

Related Posts