ലോകമെമ്പാടും അൾഷിമേഴ്സ് ബാധിതരുടെ എണ്ണം ആശങ്കാജനകമായ വേഗതയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, ഈ രോഗം ബാധിച്ചവരുടെ എണ്ണം 2020-ൽ 55 ദശലക്ഷത്തിൽ നിന്ന് 2030 ആകുമ്പോഴേക്കും 78 ദശലക്ഷമായും 2050 ആകുമ്പോഴേക്കും ഏകദേശം 140 ദശലക്ഷമായും വളരും. ഓരോ വർഷവും ഏകദേശം 10 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അൽഷിമേഴ്സ് ലക്ഷണങ്ങൾ കാലക്രമേണ വഷളാകുമ്പോഴാണ് രോഗം തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ടാണ്, അൾഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് നിർണായകമാകുന്നത്.
പലപ്പോഴും, ഓർമ്മക്കുറവ് ആണ് അൽഷിമേഴ്സിന്റെ ആദ്യ ലക്ഷണമെന്ന് പലരും കരുതുന്നു. പക്ഷേ അത് എല്ലായ്പ്പോഴും ശരിയല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചിലപ്പോഴൊക്കെ ആദ്യ ലക്ഷണങ്ങളായി കാണിക്കുന്നത് വ്യക്തിത്വത്തിലെ മാറ്റങ്ങളാണ്. “അൽഷിമേഴ്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും പെരുമാറ്റം, മാനസികാവസ്ഥ എന്നിവയിലെ മാറ്റങ്ങളായി കാണപ്പെടുന്നു. ഈ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. ഇത് രോഗനിർണയത്തിലും പരിചരണത്തിലും കാലതാമസത്തിന് കാരണമാകുന്നു.
പെരുമാറ്റത്തിലെ ആദ്യത്തെ മാറ്റങ്ങൾ എന്തൊക്കെയാണ്?
വ്യക്തികൾ ഒതുങ്ങി കൂടുന്നതായി തോന്നുക, ദൈനംദിന പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുക, അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള ദേഷ്യവും മാനസികാവസ്ഥയിൽ മാറ്റങ്ങളും കാണിക്കുക തുടങ്ങിയ സ്വഭാവമാറ്റങ്ങൾ കാണിച്ചേക്കാം. ഓർമ്മക്കുറവ് പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വിഷാദം, ഉത്കണ്ഠ, നിസംഗത എന്നിവ പ്രത്യക്ഷപ്പെടാം. കൂടാതെ, ഒരാൾ ചിന്തിക്കുന്ന രീതിയിലും, കാണുന്ന രീതിയിലും, മറ്റുള്ളവരുമായി ഇടപഴകുന്ന രീതിയിലും അൽഷിമേഴ്സിന് വലിയ സ്വാധീനം ചെലുത്താൻ കഴിയും.
ചിലർക്ക് സംശയമോ ഭ്രാന്തമായ പെരുമാറ്റമോ ഉണ്ടാകുന്നു, അതേസമയം മറ്റു ചിലർക്ക് പരിചിതമായ ചുറ്റുപാടുകളിൽ തീരുമാനമെടുക്കൽ, ആശയവിനിമയം അല്ലെങ്കിൽ ദിശാബോധം നഷ്ടപ്പെടൽ എന്നിവയിൽ ബുദ്ധിമുട്ടുന്നു. ദൂരം വിലയിരുത്തുന്നതിനോ വായിക്കുന്നതിനോ ബുദ്ധിമുട്ട് പോലുള്ള ദൃശ്യ വെല്ലുവിളികൾ പോലും ഒരാൾക്ക് അനുഭവപ്പെടാം.
ഈ ലക്ഷണങ്ങൾ അൽഷിമേഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പൂർണ്ണമായും തെളിയിക്കുന്നില്ല. പലപ്പോഴും ഈ ലക്ഷണങ്ങളെല്ലാം സമ്മർദമായോ സാധാരണ വാർധക്യ പ്രശ്നമായോ തെറ്റിദ്ധരിക്കപ്പെടുന്നു. ചിലപ്പോഴൊക്കെ ഇവ ശ്രദ്ധിക്കപ്പെടാതെ തന്നെ പോകുന്നു. അതിനാൽ, ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം ചികിത്സ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.
















