Cricket Homepage Featured Sports

പരമ്പരയിൽ ഇന്ത്യക്ക് മുന്നേറ്റം; നാലാം ട്വന്റി 20യിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ

ക്വീന്‍സ്‌ലാന്‍ഡ്: ഓസീസിനെതിരായ ടി20 പരമ്പരയില്‍ മുന്നിലെത്തി ഇന്ത്യ. നാലാം ടി20 യില്‍ 48 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (2-1) എന്ന നിലയിൽ മുന്നിലെത്തി. 168 റണ്‍സ് വിജയലക്ഷ്യം മറികടക്കാനായി ബാറ്റേന്തിയ ഓസിസിനെ 119 റണ്‍സിന് ഇന്ത്യ പുറത്താക്കി.

ഓസീസിന് ഭേദപ്പെട്ട തുടക്കം കാഴ്ചവെയ്ക്കാനായെങ്കിലും മധ്യ ഓവറുകളില്‍ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കി. മിച്ചല്‍ മാര്‍ഷും മാത്യു ഷോര്‍ട്ടും ചേർന്ന് ടീം നാലോവറില്‍ 35 എന്ന സ്കോറിലെത്തി. എന്നാല്‍ 37 ല്‍ എത്തിയപ്പോഴേക്കും 25 റണ്‍സെടുത്ത ഷോര്‍ട്ടിനെ അക്ഷര്‍ എല്‍ബിഡബ്യുവില്‍ പുറത്താക്കി. ജോഷ് ഇംഗ്ലിസിനൊപ്പം മിച്ചൽ മാര്‍ഷ് ഓസീസിനെ അറുപതുകടത്തി. പിന്നാലെ ഇംഗ്ലിസിനേയും(12) മാര്‍ഷിനേയും(30) മടക്കിയതോടെ ഓസീസ് പത്തോവറില്‍ 77-3 എന്ന നിലയിലായി.

ടിം ഡേവിഡ്(14), ജോഷ് ഫിലിപ്പെ(10), ഗ്ലെന്‍ മാക്‌സ്‌വെല്‍(2) എന്നിവരെപുറത്താക്കിയതോടെ ഇന്ത്യ വിജയത്തിലേക്കടുത്തു. ഓസീസിന്റെ മാര്‍ക്കസ് സ്റ്റോയിനിസ് 17 റണ്‍സെടുത്ത് 116 എന്ന നിലയിൽ പുറത്തായി. ബെന്‍ ഡ്വാര്‍ഷുയിസ്(5),സാവിയര്‍ ബാര്‍ട്ട്‌ലെറ്റ്(0), ആദം സാംപ(0) എന്നിവരെ കൂടി പുറത്താക്കിയ ഇന്ത്യ 48 റണ്‍സ് ജയം സ്വന്തമാക്കി. 1.2 ഓവറില്‍ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി തിളങ്ങിയത്. അക്ഷര്‍ പട്ടേലും ശിവം ദുബെയും രണ്ട് വിക്കറ്റെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു 167 റണ്‍സെടുത്തിരുന്നു. 46 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസിസിന്റെ ആദം സാംപയും നതാന്‍ എല്ലിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ഓപ്പണർമാരായി ഇറങ്ങിയ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 6 ഓവർ പിന്നിടുമ്പോൾ 49എന്ന നിലയിലെത്തിച്ചു. 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തുടർന്ന വൺഡൗണായി ഇറങ്ങിയ ശിവം ദുബെ 18 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. ദുബെയുടെ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ 88 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.

ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ചേർന്ന് ശുഭ്മാൻ ​ഗിൽ ടീമിനെ നൂറുകടത്തി. 39 പന്തിൽ 46 റൺസെടുത്ത് ​​ഗിൽ പുറത്തായി. ​ഗിൽ പുറത്താകുമ്പോൾ ടീം 121-3 എന്ന നിലയിലായിരുന്നു. സൂര്യ പത്തു പന്തിൽ 20 റൺസെടുത്ത് മടങ്ങി. സൂര്യക്ക് പിന്നാലെ ക്രീസിലെത്തിയ തിലക് വര്‍മ(5), ജിതേഷ് ശര്‍മ(3) എന്നിവര്‍ നിരാശപ്പെടുത്തി. വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തി. ഒടുവിൽ 20 ഓവർ അവസാനിച്ചപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 167 റണ്‍സിലെത്തിയിരുന്നു.

അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷം നടന്ന ഓരോ മത്സരങ്ങൾ ഇരുവർക്കും നേടാനായി. ഇന്ന് ക്വീൻസ്സ്ലാന്റിൽ നടന്ന നാലാം ടി20 യില്‍ 48 റണ്‍സിന് ജയിച്ചതോടെ ഇന്ത്യ (2-1) എന്ന നിലയിലാണ്. ഗാബയിലെ അവസാന മത്സരത്തിലും ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.

Related Posts