Cricket Homepage Featured Sports

സഞ്ജു പുറത്ത് തന്നെ, പ്ലേയിങ് ഇലവനില്‍ മാറ്റമില്ല; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

സ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് ലഭിച്ച ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

മൂന്നാം ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി. ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി തുടരും. ആദ്യ രണ്ട് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തിലും പുറത്ത്. മൂന്നാം ടി20 യിലെ ജിതേഷിന്റെ പ്രകടനമാണ് സഞ്ജുവിനു തിരിച്ചടിയായത്. മൂന്നാം ടി20 യില്‍ ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് 13 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

സഞ്ജു മധ്യനിരയില്‍ ഇറങ്ങിയാല്‍ പ്ലേയിങ് ഇലവന്‍ സന്തുലിതമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മലയാളി താരത്തിനു വീണ്ടും അവസരം നഷ്ടമായിരിക്കുന്നത്. മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ വാഷിങ്ടണ്‍ സുന്ദറിനു വീണ്ടും അവസരം നല്‍കിയിട്ടുണ്ട്.

ഇന്ത്യ, പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ

അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. ആദ്യ ടി20 മഴമൂലം പൂര്‍ണമായി ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയും മൂന്നാം കളിയില്‍ ഇന്ത്യയും ജയം സ്വന്തമാക്കി.

Related Posts