Homepage Featured India News

ഇന്ത്യൻ ശാസ്ത്രജ്ഞൻ ചമഞ്ഞ് ഇറാനിയൻ കമ്പനികളെ പറ്റിച്ചു; ആണവ വിൽപ്പന നടത്താൻ ശ്രമിച്ചയാൾ പിടിയിൽ

ന്യുഡൽഹി: ശാസ്ത്രജ്ഞൻ ചമഞ്ഞ് ഇറാനിയൻ കമ്പനികളെ പറ്റിച്ച ഇന്ത്യക്കാരൻ പിടിയിലായി. ബാബാ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനെന്ന പേരിൽ കമ്പനികളുമായി ആണവ വിൽപ്പനയ്ക്ക് കരാർ ഒപ്പിട്ട് കബളിപ്പിച്ച ഝാര്‍ഖണ്ഡ് സ്വദേശി അക്തർ ഹുസൈൻ ഖുത്തബ്ദിൻ അഹമ്മദാണ് മുംബൈ പോലീസിന്റെ പിടിയിലായത്. ഇറാനിയൻ കമ്പനികളെ ശസ്ത്രജ്ഞൻ എന്ന പേരിൽ ഇയാളും സഹോദരനും ചേർന്നാണ് പറ്റിച്ചത്. ഒരു ആണവ സംബന്ധിയായ ഡിസൈന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തട്ടിപ്പ് പുറത്ത് വന്നത്.

അക്തർ ഹുസൈനും സഹോദരൻ ആദിൽ ഹുസൈനും ചേർന്ന് വിപിഎന്നും എന്‍ക്രിപ്റ്റഡ് നെറ്റ് വർക്കുകളും ഉപയോ​ഗിച്ച് ലിഥിയം-6 റിയാക്‌ടറിന്റെ വില്‍പ്പന നടത്തുകയെന്ന തരത്തിൽ തട്ടിപ്പുനടത്താനായിരുന്നു നീക്കം. അതിനായി ഇന്ത്യൻ ശാസ്ത്ര ഏജൻസികളുടെ പേര് ഇയാൾ നിരന്തരം ദുരുപയോ​ഗം ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ മാർച്ചിൽ ഇന്ത്യയിലുള്ള ഇറാനിയൻ എംബസികളുമായി ഇവർ കൂടിക്കാഴ്ച നടത്തി. മുംബൈ ആസ്ഥാനമായുള്ള ഒരു ഇറാനിയൻ നയതന്ത്രജ്ഞനെയും ഇവർ കബളിപ്പിച്ചു. വ്യാജ വിശദാംശങ്ങളും റിയാക്ടർ ബ്ലൂപ്രിന്റുകളും നൽകിയാണ് നയതന്ത്രജ്ഞനെ വഞ്ചിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.

അക്തറും ആദിലും ലിഥിയം–6 അടിസ്ഥാനമാക്കി ‘ഫ്യൂഷൻ റിയാക്ടർ പ്രോട്ടോട്ടൈപ്പ്’ വികസിപ്പിച്ചെന്ന് അവകാശവാദവുമായാണ് ആദ്യം കമ്പനികളെ സമീപിച്ചത്. പ്ലാസ്മാ താപനില നിയന്ത്രിക്കാൻ കഴിയുന്ന ഒരു റിയാക്ടർ അവർ വികസിപ്പിച്ചെന്നും ഇവരെ വിശ്വസിപ്പിച്ചു. കൂടാതെ ലിഥിയം–7 ഉപയോഗിച്ച മറ്റൊരു റിയാക്ടർ പരീക്ഷിച്ചപ്പോൾ അത് പരാജയപ്പെട്ടെന്നും അതിനാൽ അത് പ്രവർത്തിച്ചില്ലെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിന് സഹായിച്ച ഇന്ത്യൻ ശാസ്ത്രജ്ഞർ ഇത് തട്ടിപ്പാണെന്ന് വ്യക്തമാക്കി. അഖ്തറിന്റെ വീട്ടിൽ നിന്നു ആണവായുധങ്ങളുമായി ബന്ധപ്പെട്ട മാപ്പുകളും ഡാറ്റകളും, നിരവധി വ്യാജ പാസ്‌പോർട്ടുകളും, ആധാർ കാർഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Posts