കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെന്നാണ് പൊലീസിന്റെ സംശയം. ഇവർ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായത്ത് അംഗം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയായിരുന്നു അമ്മ അടുക്കളയിലേക്ക് പോയത്. ഒച്ചകേട്ട് അമ്മ തിരികെ വന്നു നോക്കിയപ്പോഴാണ് സംഭവമറിഞ്ഞത്. അമ്മൂമ്മക്കായി കുഞ്ഞിന്‍റെ അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവമെന്നും പഞ്ചായത്ത് അംഗം പറയുന്നു. എന്നാൽ സംഭവിച്ചത് എന്തെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്‍റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.
രണ്ടു മാസം മുമ്പ് ഓവര്‍ഡോസ് മരുന്ന് കഴിച്ച നിലയിൽ കുട്ടിയുടെ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമാനമായ രീതിയിൽ ഇന്നും ഓവര്‍ഡോസ് മരുന്ന് കഴിച്ചുവെന്നാണ് വിവരം. ആശുപത്രിയിൽ വെച്ച് ആഴത്തിലുള്ള മുറിവ് കണ്ടതിനെത്തുടർന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരം അറിയിച്ചത്.
















