മുംബൈ: തന്റെ കയ്യിലാണ് നിയന്ത്രണമെങ്കില്‍, വനിതാ ക്രിക്കറ്റ് അനുവദിക്കില്ലായിരുന്നുവെന്ന മുൻ ബിസിസിഐ ചെയർമാൻ നടത്തിയ പരാമർശം വീണ്ടും ചർച്ചയാവുന്നു. കഴിഞ്ഞ ദിവസം ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെയാണിത് സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായത്.
എന്‍ ശ്രീനിവാസന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തുള്ള ഭരണകാലം ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. 2014-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നത്.
ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഡയാന എഡുല്‍ജിയാണ് ശ്രീനിവസാന്റെ സ്ത്രീവിരുദ്ധമായ വാക്കുകൾ വെളിപ്പെടുത്തിയിരുന്നത്.
‘എന്റെ കയ്യിലാണ് ഇതിന്റെ നിയന്ത്രണമെങ്കില്‍, ഞാന്‍ വനിതാ ക്രിക്കറ്റ് നടക്കാന്‍ അനുവദിക്കില്ലായിരുന്നു.’-എന്നാണ് ശ്രീനിവാസന്‍ പറഞ്ഞതെന്നാണ് മുന്‍ ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി വെളിപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിന് വനിതാ ക്രിക്കറ്റിനോട് വെറുപ്പാണ്’ 2017-ല്‍ ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റതിന് ശേഷം എഡുല്‍ജി പറഞ്ഞു. ശ്രീനിവാസന്‍ പ്രസിഡന്റായപ്പോള്‍, താന്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ പോയെന്നും അപ്പോഴാണ് ഇത്തരമൊരു പരാമർശം ശ്രീനിവാസൻ നടത്തിയതെന്നാണ് എഡുല്‍ജി പറഞ്ഞത്.
ക്രിക്കറ്റ് പുരുഷന്‍മാരുടേത് മാത്രമല്ല, എല്ലാരുടേയും കളിയാണെന്ന് ആലേഖനം ചെയ്തുള്ള ടി ഷര്‍ട്ട് ധരിച്ചുകൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്. ബിസിസിഐ പുരുഷമേധാവിത്വ സംഘടനയാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയായിരുന്നു ജയ് ഷാ സെക്രട്ടറിയായി ചുമതലയേറ്റത്. എന്നാൽ അദ്ദേഹം ചുമതലയേറ്റ ശേഷം സുപ്രധാനമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. വനിതാ പ്രീമിയര്‍ ലീഗ് ആരംഭിച്ചത് മുതല്‍ വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് തുല്യമായ മാച്ച് ഫീ നല്‍കുന്നത് വരെ ജയ് ഷായുടെ കാലത്താണ്.
















