മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിൽ സന്തോഷവും സ്നേഹത്തിന് നന്ദിയുമറിയിച്ച് മമ്മൂട്ടി. ഇത് ഓട്ടമത്സരം പോലെ ഒരു മത്സരമല്ലെന്നും ഇതൊരു യാത്രയാണെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്കാര ലബ്ധിക്ക് ശേഷമുള്ള ആദ്യപ്രതികരണത്തിൽ
തന്റെയൊപ്പം അംഗീകാരം നേടിയ എല്ലാവരേയും മമ്മൂട്ടി അഭിനന്ദിച്ചു.
ഭ്രമയുഗത്തിലെ കഥയും കഥാപാത്രവുമെല്ലാം വ്യത്യസ്തമായിരുന്നെന്നും അവാർഡൊന്നും പ്രതിക്ഷിച്ചിട്ടല്ല ചിത്രം ചെയ്തതെന്നും ഇതെല്ലാം സംഭവിക്കുന്നതാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഭ്രമയുഗത്തിലെ ത്രസിപ്പിക്കുന്ന അഭിനയത്തിനായിരുന്നു മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത്. പുതുതലമുറയാണല്ലോ ഇത്തവണ അവാർഡ് മൊത്തം കൊണ്ടുപോയത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ എന്താ പഴയതാണോ, താനും ഈ തലമുറയിൽപ്പെട്ട ആളല്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രതികരണം.
ആസിഫലി, ടോവിനോ തോമസ്, ഷംല ഹംസ, സിദ്ധാർഥ് ഭരതൻ, സൗബിൻ ഷാബിർ, തുടങ്ങിയവരുടെ പേരുകൾ എടുത്തുപറഞ്ഞായിരുന്നു മമ്മൂക്കയുടെ പ്രതികരണം ‘ഇതൊരു മത്സരമെന്ന് പറയാൻ പറ്റില്ലല്ലോ. ഓട്ടമത്സരമൊന്നുമല്ലല്ലോ?’ ഇതൊരു യാത്രയാണെന്നും കൂടെ നടക്കാൻ പലപ്പോഴും ആളുകളുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. അവരെയും ഒപ്പം കൂട്ടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















