തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിൽ ഹുരുതര അവസ്ഥയിലുള്ള ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മകൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അമ്മ പ്രിയദര്‍ശിനിയാണ് രംഗത്തെത്തിയത്. കുട്ടിക്ക് മികച്ച ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പ്രതികരിച്ചു. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറിയില്ലെന്ന കാരണത്താലാണ് ദേഷ്യത്തിൽ ചവിട്ടി താഴെ ഇട്ടത് എന്ന് പ്രതി സുരേഷ് മൊഴി നൽകി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ പിന്നിൽ നിന്ന് പെൺകുട്ടിയെ തള്ളിയിടുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ പേരിൽ മുൻപ് കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നതായും അറിയിച്ചു.
സുരേഷ് പെൺകുട്ടിയെ തള്ളിയതാണെന്ന് റെയിൽവേ പൊലീസും സ്ഥിരീകരിച്ചു. റെയിൽവേ പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോട്ടയത്ത് നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ ശുചിമുറി ഭാഗത്താണ് നിന്നിരുന്നത്. പ്രത്യേകിച്ചൊരു തർക്കമോ പ്രകോപനമോ ഇല്ലാതെയായിരുന്നു സംഭവം നടന്നതെന്നതെന്ന് ദൃക്സാക്ഷിയായ യുവതിയും വ്യക്തമാക്കി.
യുവതിക്ക് വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റു. എതിരെ വന്ന മെമു ട്രെയിനിൽ വർക്കല സ്റ്റേഷനിൽ എത്തിക്കുകയും അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അബോധാവസ്ഥയിലായിരുന്ന യുവതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും രാത്രി വൈകി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. ഇന്നലെ സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി സുരേഷ്, താനല്ല സംഭവത്തിലെ വ്യക്തിയെന്ന് വാദിച്ചിരുന്നുവെങ്കിലും അന്വേഷണം നടത്തിയപ്പോൾ ആരോപണം ശരിവെക്കപ്പെടുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയി വരുമ്പോഴാണ് സംഭവം നടന്നത്.
















