Homepage Featured Kerala News

പിഎംശ്രീയിൽ വീഴ്ചപറ്റി; മന്ത്രിസഭയിൽ പൂർണമായ അർത്ഥത്തിൽ ചർച്ച നടത്തണമായിരുന്നുവെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഎംശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ ചർച്ച നടത്താത്തതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മന്ത്രിസഭയിലും എൽഡിഎഫിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗം എകെജി സെന്ററിൽ നടത്തുന്നതിന് തൊട്ടുമുമ്പ് നടന്ന വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ ഇക്കാര്യങ്ങളെല്ലാം വീണ്ടും ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കുമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം കൈവരിക്കുമെന്നും എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ വിഷയത്തിൽ എഐവൈഎഫ് എഐഎസ്എഫ് തുടങ്ങിയ യുവജന സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോ എന്ന ചോദ്യത്തിന് പൊതുസമൂഹത്തിൽ തെറ്റെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എകെജി സെന്ററിൽ നടക്കുന്ന എൽഡിഎഫ് യോ​ഗത്തിനു ശേഷം എൽഡിഎഫ് കൺവീനർ മാധ്യമങ്ങളെ കാണും. പിഎംശ്രീയുമായി ബന്ധപ്പെട്ടും കേന്ദ്രത്തിന് അയക്കാനിരിക്കുന്ന കത്ത് സംബന്ധിച്ചും മുന്നണി നിലപാട് എൽഡിഎഫ് കൺവീനർ വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

Related Posts