Homepage Featured Kerala News

അറിയിപ്പ് പോലും നൽകാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; അതൃപ്തിയുമായി പ്രേംകുമാർ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി റസൂൽ പൂക്കൂട്ടിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് ഔട്ടായ പ്രേംകുമാറിന് അതൃപ്തി. പ്രേംകുമാറിനോട് മുൻകൂട്ടി കാര്യം അവതരിപ്പിക്കുകയോ സൂചന പോലും നൽകുകയോ ചെയ്തില്ലെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് പ്രേം കുമാർ ഇതുവരെ തയ്യാറായിട്ടില്ല.

ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന നടൻ പ്രേം കുമാർ സംവിധായകനും മുൻ ചെയർമാനുമായിരുന്ന രഞ്ജിത്തിന് എതിരെ ഉയർന്ന് ലൈം​ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ വർഷം നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ഉൾപ്പടെ പ്രേം കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്.
രാഷ്ട്രീയത്തിലും സിനിമയിലും വ്യക്തതയുള്ള നിലപാടുകളുള്ള പ്രേം കുമാർ ഇടത് സർക്കാരിനും പ്രിയങ്കരനായിരുന്നു. എന്നാൽ നാളുകളായി പ്രേം കുമാർ സർക്കാരിനെതിരെ നടത്തിയ നിഷേധാത്മക സമീപനങ്ങളാണ് നീക്കത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ഭരണസമിതിയിൽ നിന്ന് നീക്കുന്ന കാര്യം നിലവിലെ ചെയർമാനായ പ്രേംകുമാറിനെ അറിയിക്കാതെയാണ് പ്രഖ്യാപിച്ചത്. സിപിഐഎമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് പ്രേംകുമാർ പുറത്തായത് എന്നാണ് വിവരം. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ആയും കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സൺ ആയും സാംസ്കാരിക വകുപ്പ് നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. നിലവിലുള്ള അക്കാദമി ഭരണ സമിതിയിൽ നിന്ന് പുതിയ സമിതിയിൽ അംഗങ്ങളായത് 3 പേർ മാത്രം.

കുക്കു പരമേശ്വരനെ കൂടാതെ എൻ അരുൺ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് സമിതിയിൽ തുടരുന്നത്. ഭരണസമിതിയിൽ എവിടെയും പരിഗണിക്കാത്തതിൽ അതൃപ്തിയിലാണ് പ്രേംകുമാർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തകരുടെ പരിപാടിയിൽ പ്രേംകുമാറിനെ ക്ഷണിച്ചിട്ടും പങ്കെടുത്തിരുന്നില്ല. സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ആയിരിക്കെ പ്രേംകുമാർ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് സിപിഐഎമ്മിനെ ചൊടിപ്പിച്ചിരുന്നു.ഡിസംബറിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ആലോചന യോഗത്തിൽ ആശ വർക്കർമാരുടെ സമരം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രേംകുമാർ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് പുറത്താക്കലിന് പിന്നിലെന്നാണ് ആക്ഷേപം ഉയരുന്നത്.

Related Posts