ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതിൽ വിഡി സതീശന് അതൃപ്തിയെന്ന് സൂചന. രാവിലെ എത്തുമെന്ന് അറിയിച്ച വിഡി സതീശൻ, രാഹുല്‍ മടങ്ങിയ ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രാവിലെ 11.30-ന് സമരപ്പന്തലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.
ഇതിനു മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമരവേദിയില്‍ എത്തി. അദ്ദേഹം സമരപ്പന്തലില്‍ അല്പസമരം ഇരുന്ന് ആശപ്രവര്‍ത്തകരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്. എന്നാല്‍, 11.30 കഴിഞ്ഞിട്ടും സമരപ്പന്തലിൽ എത്തിയില്ല. രാവിലെ കെപിസിസി ആസ്ഥാനത്ത് ഭാരവാഹിയോഗത്തിനെത്തിയ പ്രതിപക്ഷനേതാവ് അവിടെ തന്നെ തുടർന്നു. അവിടെനിന്നാണ് സമരപ്പന്തലില്‍ എത്തുമെന്ന് അറിയിച്ചിരുന്നത്. 11.30 കഴിഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമരപ്പന്തൽ വിട്ടത്.
രാഹുൽ വേദി വിട്ടതിനു തൊട്ടു പിന്നാലെ വി.ഡി. സതീശന് സമരപ്പന്തലില്‍ എത്തുകയും ചെയ്തു. ഇതാണ് രാഹുല്‍ സമരവേദിയിലെത്തിയതില് പ്രതിപക്ഷനേതാവിന് അതൃപ്തിയുണ്ടായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. അതേസമയം, പ്രതിപക്ഷ നേതാവിന്റെ ഓഫീസും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഇത്തരം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു എന്ന മാധ്യമങ്ങളുടെ വാർത്തകൾക്കെതിരെയും രാഹുൽ പ്രതികരിച്ചു. ‘തന്റെ അമ്മമാരുടെ സമരമാണിത് ഒരു അമ്മമാരും മക്കളെ ഇറക്കിവിടില്ല’- രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. സമരത്തെ ഒറ്റുകൊടുക്കുന്ന മാധ്യമപ്രവർത്തകരാണ് അങ്ങനെ വാർത്ത കൊടുത്തതെന്നും സമരസമിതി നേതാക്കൾ ക്ഷണിച്ചിട്ടാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















