മുംബൈ: നഗരത്തെ മുൾമുനയിൽ നിർത്തി മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കി അക്രമി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പട്ടു പൊലീസിന്റെ രക്ഷാദൗത്യത്തിനിടെ ഇയാൾക്ക് വെടിയേൽക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ റെസ്ക്യു ഓപ്പറേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നില്ല.
മുംബൈയിലെ ആർഎ സ്റ്റുഡിയോയിലാണ് 17 കുട്ടികളെ ബന്ദികളാക്കിയ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിയായ ഒഹിത് ആര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും യാത്രാമധ്യേ മരിച്ചു. മുംബൈയിലെ പവായിലെ സ്റ്റുഡിയോയിൽ 35 മിനിറ്റ് നീണ്ട എൻകൗണ്ടറിന് ഒടുവിലാണ് പ്രതിയെ കീഴ്ടക്കിയത്. ബന്ദികളാക്കിയ എല്ലാ കുട്ടികളെയും സുരക്ഷിതമാക്കിയതായി പൊലീസ് അവകാശപ്പെടുന്നു.
അഞ്ച് ദിവസമായി ഇയാൾ സ്റ്റുഡിയോയിൽ ഒഡിഷനുകൾ നടത്തുന്നുണ്ട്. ഇന്ന് രാവിലെ 100 കുട്ടികളാണ് ഇയാൾ ഒഡിഷന് ക്ഷണിച്ച പ്രകാരം സ്റ്റുഡിയോയിലേക്ക് എത്തിയത്. 83 പേരെ ഇയാൾ പുറത്ത് പോകാൻ അനുവദിച്ചു. 17 കുട്ടികളെ കെട്ടിടത്തിനുള്ളിൽ തടഞ്ഞുവെക്കുകയായിരുന്നു. ചില ആളുകളുമായി സംസാരിക്കാനാണ് താൻ കുട്ടികളെ ബന്ദികളാക്കിയതെന്നാണ് ഇയാൾ പറയുന്നത്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലെന്നും പോലീസുമായി സംസാരിക്കാനുണ്ടെന്നും ഇയാൾ കൂടെ കൂടെ ആവർത്തിച്ചിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ കുട്ടികളെ കത്തിക്കുമെന്നും ഇയാൾ ഭീഷണിമുഴക്കി. ഇതോടെയാണ് പോലീസ് വെടിയുതിർത്തത്.
















