Homepage Featured India News

മുംബൈയിൽ ബന്ദികളാക്കിയ 20 കുട്ടികളെ രക്ഷപ്പെടുത്തി; സംഭവത്തിൽ വീഡിയോയിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയാൾ അറസ്റ്റിൽ. ഇയാൾ ബന്ദികളാക്കിയ 20 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രോഹിത് ആര്യ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ തന്നെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ആത്മഹത്യയ്ക്ക് പകരമായി താൻ കുട്ടികളെ ബന്ദികളാക്കുന്നതായി പറഞ്ഞിരുന്നു.

“ഞാൻ രോഹിത് ആര്യയാണ്. ആത്മഹത്യ ചെയ്യുന്നതിനുപകരം, ഞാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, ഇവിടെ ചില കുട്ടികളെ ബന്ദികളാക്കിയിരിക്കുകയാണ്,” ഇയാൾ വീഡിയോയിൽ പറഞ്ഞു.
വീഡിയോ പ്രചരിച്ചയുടനെ പൊലീസിന്റെ പെട്ടെന്നുള്ള ഇടപെടലിലൂടെയാണ് കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞത്. കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

തന്റെ കുറച്ച് ആവശ്യങ്ങൾക്കു വേണ്ടിയാണ് താൻ ഇത് ചെയ്യുന്നതെന്നും തനിക്കെതിരെ നീക്കമുണ്ടായാൽ സ്ഥലം കത്തിക്കുമെന്നും ഇയാൾ വീഡിയോയിലൂടെ ഭീഷണി മുഴക്കി. താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ‘ഒരു തീവ്രവാദിയല്ല’ എന്നും ഇയാൾ കൂട്ടിച്ചേർത്തു. ‘എനിക്ക് ചിലരോട് സംസാരിക്കാനുണ്ട്, അതുകൊണ്ടാണ് ഞാൻ ഈ കുട്ടികളെ ബന്ദികളാക്കിയത്.’- ആര്യ വീഡിയോയിൽ പറഞ്ഞു.

പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കുട്ടികൾ പൊവൈയിലെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ആർ‌എ സ്റ്റുഡിയോയിൽ ഒരു സിനിമാ ഓഡിഷനായി എത്തിയിരുന്നു. സ്ഥലത്ത് നിന്ന് ഒരു എയർ ഗണ്ണും ചില രാസവസ്തുക്കളും പോലീസ് കണ്ടെടുത്തു. രോഹിത് ആര്യ മാനസിക പ്രശ്‌നമുള്ള ആളാണെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

Related Posts