തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസുമായി ബന്ധപ്പെട്ട് കോടതി 14 ദിവസത്തേക്ക് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ വിട്ടിരുന്നു. കാലാവധി കഴിയുന്ന സാഹചര്യത്തിൽ ഇയാളെ റാന്നി കോടതിയിൽ ഹാജരാക്കും.
അതേസമയം ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിള പാളികളിലെ സ്വർണ കവർച്ചയിൽ കൂടി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്ഐടി ഇന്ന് കോടതിയിൽ നൽകിയേക്കും. മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രതി ചേർത്താണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. സ്വർണപാളി എന്നതിനു പകരം ചെമ്പ് പാളികൾ എന്ന് ദേവസ്വം രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് മുരാരി ബാബുവിനെ ചോദ്യം ചെയ്തത്.
നേരത്തെ ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധന നടത്തുകയും കവർച്ച ചെയ്ത സ്വർണത്തിന് തുല്യമായ അളവിലുള്ള സ്വർണം പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ എസ്ഐടി ആവശ്യപ്പെട്ടിരുന്നു. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി ദേവസ്വം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് ആവശ്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്
















