പരുക്കേറ്റതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ ആരോഗ്യനില മെച്ചപ്പെട്ടു. താരത്തെ മൈനര്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശ്രേയസിനു വാരിയെല്ലിന്റെ ഭാഗത്തായി പരുക്കേറ്റത്. ഓസീസ് താരം അലക്സ് കാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ ഗ്രൗണ്ടില്‍ വയറടിച്ച് വീഴുകയായിരുന്നു. ഉടനെ തന്നെ താരത്തെ സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ശ്രേയസിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. നില മെച്ചപ്പെട്ടതോടെ ചൊവ്വാഴ്ച റൂമിലേക്ക് മാറ്റി. ഇതിനിടെ താരത്തെ മൈനര്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ശ്രേയസിനു പൂര്‍ണ വിശ്രമം ആവശ്യമാണ്. ഒരാഴ്ച കൂടി താരം ആശുപത്രിയില്‍ തുടരാനാണ് സാധ്യത.
ഇന്ത്യന്‍ ടീം ഫിസിയോ ഡോ. റിസ്വാന് ഖാന് ശ്രേയസിനൊപ്പം സിഡ്നിയിലെ ആശുപത്രിയിലുണ്ട്. താരത്തിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് സിഡ്നിയില്‍ എത്താനുള്ള സൗകര്യങ്ങള്‍ ബിസിസിഐ ഒരുക്കിയിട്ടുള്ളതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ മുതല്‍ ശ്രേയസ് സുഹൃത്തുക്കളോടു ഫോണില്‍ സംസാരിച്ചു തുടങ്ങി. ഓസ്ട്രേലിയയിലുള്ള സുഹൃത്തുക്കള്‍ കൊണ്ടുവരുന്ന ഭക്ഷണം താരം കഴിക്കുന്നുണ്ട്. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി തിരിച്ചെത്തിയ ശേഷമായിരിക്കും താരം ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള കാര്യങ്ങളിലേക്ക് കടക്കുക. ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീം നാട്ടിലേക്കു തിരിക്കുമ്പോള്‍ അവര്‍ക്കൊപ്പം പോകാനാണ് ശ്രേയസും തീരുമാനിച്ചിരിക്കുന്നത്.
















