Homepage Featured Kerala News

പിഎംശ്രീ: കാബിനറ്റ് മീറ്റിങ്ങിൽ സിപിഐ പങ്കെടുക്കുമെന്ന് ഡി രാജ, മുഖ്യമന്ത്രി തീരുമാനങ്ങൾ വിശദീകരിക്കും

ഡൽഹി: പിഎംശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സിപിഎം-സിപിഐ സമവായ നീക്കങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. കാബിനറ്റ് മീറ്റിങ്ങിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുമെന്നും യോ​ഗത്തിനു ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുമെന്നും ഡി രാജ അറിയിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ സംസ്ഥാന ​സർക്കാർ കേന്ദ്രവുമായി ആശയവിനിമയം നടത്തുമെന്ന് ഡി രാജ പറയുന്നു. മുഖ്യമന്ത്രി കാബിനെറ്റ് യോ​ഗത്തിനു ശേഷം മാധ്യമങ്ങളെ കാണുമെന്നും അതിനു ശേഷം ഇരു പാർട്ടികളും പ്രത്യേകമായി മാധ്യമങ്ങളോട് വിഷയത്തിലെ നിലപാട് അറിയിക്കുമെന്നും ഡി രാജ പറഞ്ഞു. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നു തന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി എംഎ ബേബി വിഷയം സംസാരിച്ചിരുന്നു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, ഡി രാജയെ ഫോണിൽ വിളിച്ചത്. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗം വിളിക്കാനും തീരുമാനമുണ്ട്.

Related Posts