കൊച്ചി: പള്ളുരുത്തി സെന്റ് റീത്ത സ്കൂളിലെ ഹിജാബ് വിവാദത്തെത്തുടർന്ന് വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തെന്ന് പിതാവ്. ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് പിതാവ് ഇക്കാര്യം അറിയിച്ചത്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് കുട്ടി ചേർന്നത്.
തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തിയെന്ന് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയത്തിൽ സർക്കാരിന്റെയും സ്കൂളിന്റെയും പിതാവിന്റെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു.
ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നേരത്തേ നിലപാട് അറിയിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന്റെ അഭിഭാഷക കോടതിയിൽ വാദിച്ചു. എന്നാൽ വിഷയം രമ്യമായി പരിഹരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്ത സ്കൂൾ നടപടിയിൽ വീഴ്ച കണ്ടെത്തി എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ഹർജിയിൽ വിദ്യാർത്ഥിയ്ക്കായി അച്ഛനും ഹർജിയിൽ കക്ഷി ചേരുകയായിരുന്നു. എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കാൻ കോടതി തയ്യാറായില്ലെങ്കിലും സമവായത്തിലെത്തിയ സാഹചര്യത്തിൽ ഹർജി തീർപ്പാക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ സ്കൂളിൽ നിന്ന് മാറ്റിയത്.
















