Kerala Lead News News

സിപിഐക്ക് മുന്നിൽ കീഴടങ്ങി സിപിഎം; മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐക്ക് കീഴടങ്ങി സിപിഎം. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന് സൂചന. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. ഒരു ഉപസമിതിയെ വെച്ച് വിഷയത്തിൽ ചർച്ച നടത്താമെന്ന് നേരത്തേ സിപിഎം പറഞ്ഞിരുന്നെങ്കിലും സിപിഐ യോജിച്ചിരുന്നില്ല.

കരാർ തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ടായിരിക്കും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തുനൽകുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐയുടെ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ സമവായ നീക്കം. കേന്ദ്രത്തിനയക്കുന്ന കത്തിലെ ഉള്ളടക്കം സംബന്ധിച്ചും സിപിഐയുമായി കൂടിയാലോചന നടത്തുമെന്നാണ് വിവരം.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി എംഎ ബേബി ഇക്കാര്യം സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണിൽ വിളിച്ചത്. അതേസമയം പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് നേതാക്കൾ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധവും സംഘടിപ്പിക്കും. പിന്നാലെ ഈ മാസം 31 ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Posts