Kerala News

സി.പി.ഐക്ക് ഇരട്ടത്താപ്പ്; ചെറുവയൽ രാമന് നിയമനം ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചോ?

കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിൽ ശക്തമായ സമരപരമ്പരകൾ നടത്തുന്ന സി.പി.ഐയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സി.പി.എം നിലപാടിനെ എതിർക്കുന്ന സി.പി.ഐ തന്നെയാണ് കേരളത്തിൽ ആദ്യം പദ്ധതിയെ അം​ഗീകരിച്ചിരിക്കുന്നത്. മന്ത്രി പി.പ്രസാദ് പ്രോ ചാൻസിലറായ കാർഷിക സർവകലാശാലയിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വ്യവസ്ഥകൾ നടപ്പിലാക്കിയിരിക്കുന്നത്.

കൃഷി മന്ത്രി പി പ്രസാദായിരുന്നു ആദ്യം പദ്ധതിയെ എതിർത്തത്. ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത് സ്കൂളുകളെ കാവിവൽക്കരിക്കുന്നതിന് തുല്യമാകുമെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം എത്തിയത്. എന്നാൽ വാക്കുകൾക്ക് വിപരീതമായ കാഴ്ചയാണ് കാർഷിക സർവകലാശാലയിൽ അരങ്ങേറിയിരിക്കുന്നത്. ഇടതുപക്ഷം രാജ്യവ്യാപകമായി എതിർക്കുന്ന പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന സംവിധാനമാണ് കാർഷിക സർവകലാശാലയിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതനുസരിച്ച് സർവകലാശാലകളിൽ ചില വിഷയങ്ങളിൽ അധ്യാപകരാകുന്നതിന് അക്കാദമിക്ക് യോ​ഗ്യതയ്ക്ക് പകരം പ്രവർത്തിപരിചയമുണ്ടായാൽ മതി.

സംഘപരിവാർ ആശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ആയുധമെന്ന് ഇടതുപക്ഷം ആരോപിക്കുന്ന ഈ രീതിയെ കാർഷിക സർവകലാശാലയിൽ 2023ൽ നടപ്പിലാക്കി ഉത്തരവ് പുറത്തിറക്കിയതായാണ് ലഭിക്കുന്ന വിവരം. ഈ വർഷം ഫെബ്രുവരിയിൽ വിത്തിനങ്ങളുടെ വിദ​ഗ്ധനായ ചെറുവയൽ രാമനെ പ്രൊഫസർ ഓഫ് പ്രാക്ടീസ് തസ്തികയിലേക്ക് നിയമിച്ചതോടെയാണ് സി.പിഐയുടെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ഇരട്ടത്താപ്പ് പുറത്തായിരിക്കുന്നത്.

Related Posts