Cricket Homepage Featured Sports

ഐസിയു ചികിത്സ നിര്‍ത്തി; ശ്രേയസ് അയ്യരുടെ നില മെച്ചപ്പെടുന്നു

സ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഉപനായകന്‍ ശ്രേയസ് അയ്യര്‍ ആശുപത്രിയില്‍ തുടരുന്നു. താരത്തെ ഐസിയു ചികിത്സയില്‍ നിന്ന് മാറ്റി. നില മെച്ചപ്പെട്ടതോടെയാണ് ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്.

മൂന്നാം ഏകദിനത്തിനിടെ ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കുമ്പോഴാണ് താരത്തിനു പരുക്കേറ്റത്. ഉടനെ തന്നെ ശ്രേയസിനെ സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലില്‍ ശക്തമായ വേദനകൊണ്ട് ശ്രേയസ് ഗ്രൗണ്ടില്‍ കിടന്നു പുളഞ്ഞിരുന്നു. പരുക്കേറ്റ സ്ഥലത്ത് ആന്തരിക രക്തസ്രാവം കാണപ്പെട്ടതോടെ ഐസിയുവില്‍ പ്രവേശിച്ചു. മൂന്ന് ദിവസത്തെ ഐസിയു ചികിത്സയ്ക്കു ശേഷമാണ് താരത്തെ റൂമിലേക്ക് മാറ്റിയിരിക്കുന്നത്.

ട്വന്റി 20 പരമ്പരയ്ക്കായി ഇന്ത്യന്‍ സംഘം കനാബെറയിലേക്ക് യാത്ര തിരിച്ചെങ്കിലും ബിസിസിഐ ഡോക്ടര്‍ സിഡ്‌നിയില്‍ ശ്രേയസിനൊപ്പം തുടരുകയാണ്. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ശ്രേയസിനു സിഡ്‌നി ആശുപത്രിയില്‍ ചികിത്സയില്‍ തുടരേണ്ടിവരും. അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങും.

ശ്രേയസിനു ഉടന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരു മാസമെങ്കിലും പൂര്‍ണ വിശ്രമം വേണ്ടിവന്നേക്കാം. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര താരം കളിക്കില്ല.

ശ്രേയസിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. ‘ ടി20 പരമ്പരയ്ക്കു ശേഷം ഞങ്ങള്‍ക്കൊപ്പം ശ്രേയസ് ഇന്ത്യയിലേക്ക് പോകും. ദൈവത്തിന്റെ അനുഗ്രഹത്താല്‍ എല്ലാം നല്ല രീതിയിലാണ് ഇപ്പോള്‍. അദ്ദേഹത്തിനു വലിയ ബുദ്ധിമുട്ടുകള്‍ ഇല്ല. ഡോക്ടര്‍മാര്‍ ശ്രേയസിനൊപ്പം ഉണ്ട്. ആളുകളുമായി അദ്ദേഹം സംസാരിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. ഞാന്‍ മെസേജ് അയച്ചിരുന്നു, ശ്രേയസ് മറുപടിയും തന്നു. അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല,’ സൂര്യ പറഞ്ഞു

Related Posts