കൊച്ചി: ഐടി പഠിച്ച ഉദ്യോഗാർഥികൾക്ക് കൈത്താങ്ങുമായി സംസ്ഥാനസർക്കാർ. വിവിധ സ്വകാര്യ കമ്പനികളുമായി ചേർന്ന് നൈപുണ്യവികസനത്തിന് കൊച്ചിയിൽ പരിശീലനകേന്ദ്രമൊരുക്കുകയാണ് സർക്കാർ. തിരുവനന്തപുരത്തെ ഐസിടി (ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി) അക്കാദമി ഓഫ് കേരളയുടെ ഇതിനുള്ള നാലാമത്തെ പരിശീലന കേന്ദ്രമാണ് കൊച്ചിയിൽ ഒരുങ്ങുന്നത്.
കച്ചേരിപ്പടിയില്‍ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബര്‍ അവസാനം നടക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ടിസിഎസ്, യുഎസ്ടി, ഐബിഎസ്, ക്വസ്റ്റ് ഗ്ലോബല്‍ തുടങ്ങിയ പ്രമുഖ ഐടി കമ്പനികളുടെയും പങ്കാളിത്തമുള്ള സ്ഥാപനമാണ് ഐസിടി അക്കാദമി. നിലവിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഐസിടി അക്കാദമിയുടെ പരിശീലനകേന്ദ്രങ്ങളുണ്ട്.
തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്, കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്ക് സെന്റര്‍, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവയിലാണ് ഇപ്പോള്‍ പരിശീലന കേന്ദ്രങ്ങളുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബര്‍ സെക്യൂരിറ്റി, ഡേറ്റാ സയന്‍സ്, ഫുള്‍ സ്റ്റാക്ക് ഡിവലപ്‌മെന്റ് എന്നിവയിലാണ് കച്ചേരിപ്പടിയിലുള്ള കേന്ദ്രത്തിൽ നാലുമാസത്തെ കോഴ്സുകള്‍ ആരംഭിക്കുന്നത്.
ഇതോടൊപ്പം തന്നെ അധ്യാപകരിലെ നൈപുണ്യ വികസനത്തിനും പ്രത്യേക കോഴ്സുകള്‍ ഒരുക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വൈദഗ്ധ്യം നൽകുകയെന്നതാണ് കോഴ്സുകളുടെ ലക്ഷ്യം. വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലെ വിടവ് നികത്താത്തതാണ് യുവാക്കൾക്ക് തൊഴിൽ ലഭിക്കത്തതിന് കാരണമെന്നും ഇത് പരിഹരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സ്‌കില്‍ കേരള കോണ്‍ക്ലേവില്‍ നിർദേശമുയര്‍ന്നിരുന്നു.
















