Homepage Featured India News

രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച

ന്യൂഡൽഹി: ജാർഖണ്ഡിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ആശങ്കയും പ്രതിഷേധവും തുടരുകയാണ്. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് രക്തം നൽകിയത്. സ്വീകരിച്ച രക്തത്തിലൂടെ എച്ച്‌ഐവി കുട്ടികളിലേക്ക് പകർന്നു എന്നാണ് റിപ്പോർട്ട്.സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിനാൽ ജാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. റാഞ്ചിയിൽ നിന്നുള്ള ഉന്നതതല മെഡിക്കൽ സംഘം അടിയന്തരമായി അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച തലാസീമിയ ബാധിതനായ ഒരു കുട്ടിയുടെ കുടുംബം രക്തബാങ്കിൽ നിന്ന് എച്ച്‌ഐവി ബാധിച്ച രക്തം നൽകിയതായി ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡിക്കൽ സംഘം അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ നാല് കുട്ടികൾക്ക് കൂടി എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കേസുകളുടെ എണ്ണം അഞ്ചായി.

പ്രാഥമിക പരിശോധനയിൽ രക്തബാങ്കിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതായും അവ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായും ഡോ. ദിനേശ് കുമാർ വ്യക്തമാക്കി. അതേസമയം ആശുപത്രിയിലെ രക്തബാങ്ക് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ രക്തവിതരണം നടത്തൂവെന്നും അധികൃതർ അറിയിച്ചു.

Related Posts